അപൂർവ കന്നുകാലി, പക്ഷി ഇനങ്ങളുമായി ആനിമൽ പ്രൊഡക്ഷൻ ഷോ
text_fieldsമനാമ: ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ 2023) ആറാമത് പതിപ്പിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ തുടക്കം. ഹമദ് രാജാവിനെ മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് സ്വാഗതംചെയ്തു.
കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കും. അതിനായി കന്നുകാലി-കാർഷിക മേഖലകളുടെ സംഭാവന വർധിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അഞ്ചാം പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം സെഷനിൽ ഹമദ് രാജാവിന്റെ നിർദേശങ്ങൾ പാലിച്ച് ദേശീയ ഭക്ഷ്യോൽപാദന പദ്ധതി ആരംഭിക്കുമെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രി പറഞ്ഞു.
2024ൽ പ്രാദേശിക കാർഷിക ഉൽപാദനം 520 ടണ്ണിലധികമായി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത വർഷം മത്സ്യകൃഷി പദ്ധതികൾക്കൊപ്പം ചെമ്മീൻ വളർത്തൽ പദ്ധതിയും ആരംഭിക്കും. കോഴി ഉൽപാദനം വർധിപ്പിച്ച് ഭക്ഷ്യോൽപാദനം വർധിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ മന്ത്രാലയം ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.മൂന്നു ദിവസത്തെ പ്രദർശനം കാണാൻ ജനങ്ങൾക്ക് അവസരമുണ്ട്. ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ പ്രദർശനം പൊതുജനത്തിന് വീക്ഷിക്കാം.
ശനിയാഴ്ച വരെയാണ് പ്രദർശനം. മികച്ച കന്നുകാലി, പക്ഷി ഇനങ്ങളെ പ്രദർശിപ്പിച്ചിട്ടുണ്ട്. അനുഭവങ്ങൾ കൈമാറുന്നതിനൊപ്പം വിപണനത്തിനും അവസരമുണ്ട്. അറേബ്യൻ നായ്ക്കൾ (സലൂക്കി), കുതിരകൾ, ഒട്ടകം, പ്രാവുകൾ, കന്നുകാലികൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും നടന്നു.
രാജാവ് വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകി. ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, മൊഹ്സെൻ അലി അബ്ദുല്ല ഹുസൈൻ, അബ്ദുല്ല അഹമ്മദ് ഷഹീൻ അൽ മുദാഹിക്കി, മുഹമ്മദ് സലേം അൽ മമാരി, ഹസൻ ജബർ ഹസൻ അൽ നുഐമി, ഹുസൈൻ ഹബീബ് അലി എന്നിവരാണ് വിജയികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.