അയർലൻഡിൽ അങ്കമാലിക്കാരൻ മേയർ; മകൻ കൗൺസിലർ
text_fieldsമനാമ: അയർലൻഡിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ ഭരണം ഒരു മലയാളി അച്ഛനും മകനും ചേർന്നാണ്. ഡബ്ലിൻ കൗണ്ടിയുടെ മേയർ അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനാണ്. ഇതേ കൗൺസിലിലെ താലാ സെൻട്രലിലെ കൗൺസിലറാകട്ടെ, ഡോക്ടർ കൂടിയായ മകൻ ബ്രിട്ടോ പെരേപ്പാടനും. അയർലൻഡുകാർക്കും അത്ഭുതമായ ഈ രാഷ്ട്രീയകുടുംബം അവധി ആഘോഷിക്കാനായി ഇപ്പോൾ ബഹ്റൈനിലുണ്ട്. അയർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ സ്ഥാനത്തേക്ക് എത്തുന്നതെന്ന് ബേബി പെരേപ്പാടൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ താല സൗത്ത് മണ്ഡലത്തിൽനിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്റെ സ്ഥാനാർഥിയായാണ് ബേബി വിജയിച്ചത്. രണ്ടാം തവണയാണ് ബേബി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ബേബിയുടെ ജനപ്രീതി മനസ്സിലാക്കിയ ഭരണകക്ഷി രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹത്തെ മേയറാക്കുകയായിരുന്നു. പിതാവിന്റെ രാഷ്ട്രീയ പ്രവർത്തനം സ്വാധീനിച്ചതിന്റെ അടിസ്ഥാനത്തിലാണ് താനും മത്സരിച്ചതെന്ന് ഡോ. ബ്രിട്ടോ പറഞ്ഞു. കഴിവും പ്രവർത്തനമികവും ഉള്ളവരെ വിജയിപ്പിക്കുന്ന രീതിയാണ് യൂറോപ്യൻ യൂനിയനിലെ അംഗരാജ്യമായ അയർലൻഡിനുള്ളതെന്നും ബ്രിട്ടോ പറഞ്ഞു.
അയർലൻഡ് സുന്ദരമായ രാജ്യമാണെന്നും ഇന്ത്യക്കാരടക്കമുള്ളവർക്കും ഇപ്പോഴും വലിയ തൊഴിൽ സാധ്യതകൾ അവിടെയുണ്ടെന്നും ബേബി പെരേപ്പാടൻ പറഞ്ഞു. ജി.സി.സി രാജ്യങ്ങളിൽ തൊഴിൽ പരിചയമുള്ളവർക്ക് ജോലി ലഭിക്കാൻ എളുപ്പമാണ്. നഴ്സിങ് അസിസ്റ്റന്റുമാർക്ക് ഐ.ഇ.എൽ.ടി.എസ്. യോഗ്യത ആവശ്യമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ കഴിയും. അതിനുശേഷം ഐ.ഇ.എൽ.ടി.എസ്. പാസായാൽ നഴ്സുമാരായും ജോലിയിൽ പ്രവേശിക്കാം. പ്ലമ്പർമാർ, ഇലക്ട്രീഷൻസ്, ഡ്രൈവർമാർ എന്നിവർ ജി.സി.സി തൊഴിൽ പരിചയമുള്ളവരാണെങ്കിൽ തൊഴിൽ സാധ്യത ഏറെയാണ്.
എറണാകുളം അങ്കമാലി പുളിയനം സ്വദേശിയാണ് ബേബി പെരേപ്പാടൻ. അങ്കമാലി ഡീപോളിലെ പഠനത്തിനുശേഷം കൊൽക്കത്തയിൽ ജോലിയിൽ പ്രവേശിച്ച ബേബി, 20 വർഷം മുമ്പാണ് അയർലൻഡിലേക്ക് കുടിയേറിയത്.
ഭാര്യ ജിൻസി പെരേപ്പാടൻ ഡബ്ലിൻ ന്യൂകാസിൽ പീമൗണ്ട് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷ്ണറാണ്. ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഡെന്റൽ മെഡിസിൻ വിദ്യാർഥിനിയായ ബ്രോണ മകളാണ്. ഭാര്യയും രണ്ടു മക്കളുമൊപ്പമാണ് ബേബി പെരേപ്പാടൻ ബഹ്റൈനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.