വാർഷിക ജനറൽ ബോഡി; ഇന്ത്യൻ സ്കൂളിന്റെ വികസന പദ്ധതികൾക്ക് അംഗീകാരം
text_fieldsമനാമ: വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇന്ത്യൻ സ്കൂളിന്റെ പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ഭരണസമിതി അറിയിച്ചു. സ്കൂൾ കൈവരിച്ച അക്കാദമിക മികവിനെ യോഗം അഭിനന്ദിച്ചു. സി.ബി.എസ്.ഇ പരീക്ഷകളിൽ മാതൃകപരമായ പ്രകടനം കാഴ്ചവെച്ച അക്കാദമിക് റിപ്പോർട്ട് രക്ഷാകർതൃ സമിതി അംഗീകരിച്ചു. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഫീസ് ഓൺലൈൻ വഴി അടക്കാൻ സഹായിക്കുന്ന പദ്ധതി നടപ്പാക്കും. പ്രമുഖ സാമ്പത്തിക സേവനദാതാവുമായി സഹകരിച്ച് നടപ്പാക്കുന്ന ഫീസ് പേമെന്റ് ഗേറ്റ്വേ നിർദേശം യോഗം അംഗീകരിച്ചു. ഈ ആപ്പിൽ തീർപ്പാക്കാത്ത ഇൻവോയ്സുകളും പേമെന്റുകളുടെ ചരിത്രവും കാണാനാകും. ക്ലാസ്മുറികളിൽ സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
വൈദ്യുതി ബിൽ ചെലവുകൾ ലാഭിക്കുന്നതിനായി സോളാർ പവർ പർച്ചേഴ്സ് എഗ്രിമെന്റുമായി സ്കൂൾ മുന്നോട്ടുപോവുകയാണെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അറിയിച്ചു. ഇന്ത്യൻ സ്കൂളിൽ സൗരോർജ സംവിധാനം രൂപകൽപന ചെയ്യുന്നതിനുള്ള സാമ്പത്തിക കരാറാണിത്. സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള യുനെസ്കോ അഫിലിയേറ്റഡ് സ്കൂളിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ വൈദ്യുതി ബിൽ ചെലവിൽ ഗണ്യമായ തുക ലാഭിക്കാൻ കഴിയുമെന്ന് ചെയർമാൻ പറഞ്ഞു. ഇസ ടൗണിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ എൽ.ഇ.ഡി ഡിസ്പ്ലേക്കുള്ള മറ്റൊരു നിർദേശവും അംഗീകരിച്ചു. ജഷൻമൽ ഓഡിറ്റോറിയത്തിനും നീന്തൽകുളത്തിനും ചുറ്റുമുള്ള സ്ഥലം വികസിപ്പിക്കാനും നവീകരിക്കാനും നിർദേശം ഉണ്ടായിരുന്നു. ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ട് ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. മഴവെള്ള ചോർച്ചയും റിഫ കാമ്പസ് കെട്ടിടത്തിന്റെ കേടുപാടുകളും സംബന്ധിച്ച റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
പുതിയ ഇ.സിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് അംഗീകാരം തേടി സ്കൂൾ കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. അധികാരികളിൽനിന്ന് സ്കൂളിന് ആവശ്യമായ നിർദേശങ്ങൾ ലഭിച്ചാലുടൻ പുതിയ ഇ.സിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തും. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷീദ് ആലം, എൻ.എസ്. പ്രേമലത, രാജേഷ് നമ്പ്യാർ, വി. അജയകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജോൺസൺ കെ. ദേവസി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഭരണസമിതിയിലേക്കുള്ള വിദ്യാഭ്യാസ മന്ത്രാലയം നോമിനി ഒരു രക്ഷിതാവായിരിക്കണമെന്നും മുൻ ഇ.സി അംഗമായിരിക്കരുതെന്നുമുള്ള പ്രമേയം യോഗം അംഗീകരിച്ചു. ഇ-മെയിലുകൾക്കും രക്ഷിതാക്കളുടെ ചോദ്യങ്ങൾക്കും ഏഴ് ദിവസത്തിനകം സ്കൂൾ മറുപടി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.