ഗൾഫ് മാധ്യമത്തിന്റെ തൊപ്പിയിൽ ഒരു സ്വർണത്തൂവൽ കൂടി - ഡോ. ബാബു രാമചന്ദ്രൻ
text_fields25 വർഷക്കാലമായി ഒരു പ്രിന്റ് മീഡിയ ഇടതടവില്ലാതെ വാർത്തകളും വിശേഷങ്ങളും സമൂഹത്തിലേക്കെത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് നിസ്സാര കാര്യമല്ല. മാത്രമല്ല ഗുണനിലവാരം നിലനിർത്തുകയും അനുദിനം മെച്ചപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്യുന്നു. ഏതൊരു മാധ്യമത്തെയും സംബന്ധിച്ച് അതൊരു വെല്ലുവിളിയാണ്. എന്നാൽ, ഗൾഫ് മാധ്യമം ഈ വെല്ലുവിളിയേറ്റെടുത്തുകൊണ്ട് വളർച്ചയിൽനിന്ന് വളർച്ചയിലേക്ക് കുതിക്കുകയാണ്. 1999ൽ ആരംഭിച്ച് ഇരുപത്തിയഞ്ച് വർഷം ആഘോഷിക്കുന്ന ഗൾഫ് മാധ്യമം മനോഹരമായ ഈ പവിഴ ദ്വീപിലാണ് തുടക്കംകുറിച്ചത് എന്നത് തീർച്ചയായും നമുക്കെല്ലാം അഭിമാനകരമാണ്.
വർഷങ്ങളായി ഗൾഫ് മാധ്യമത്തിന്റെ സ്ഥിരം വരിക്കാരനാണ് ഞാൻ. പ്രാദേശിക വാർത്തകളും വിശേഷങ്ങളും വളരെ സമഗ്രമായി റിപ്പോർട്ട് ചെയ്യാൻ ഈ പത്രം കാണിക്കുന്ന ശുഷ്കാന്തി പ്രശംസനീയമാണ്. മാത്രമല്ല, അന്താരാഷ്ട്ര രംഗത്തെ സംഭവങ്ങളുടെ കവറേജും വളരെ മികച്ചതാണ്. ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്കറിയേണ്ടതെല്ലാം പത്രത്തിൽ കൃത്യമായും വ്യക്തമായും സംഗ്രഹിച്ചിരിക്കുന്നു. പത്രത്തിന്റെ ലേഔട്ടിന്റെ ഭംഗിയും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഇവിടത്തെ മലയാളികൾ ഗൾഫ് മാധ്യമത്തിൽ ആകൃഷ്ടരാകുകയും പ്രവാസലോകത്തിന്റെ മുഖപത്രമെന്ന നിലയിൽ അതിനെ സ്വീകരിക്കുകയും ചെയ്തതിൽ അതിശയിക്കേണ്ടതില്ല. ഗൾഫ് മാധ്യമം 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജൂൺ 18ന് നടന്ന ‘മധുമയമായ് പാടാം’ മെഗാ സംഗീത പരിപാടിക്ക് ഞാനും സാക്ഷിയായിരുന്നു. എം.ജി. ശ്രീകുമാർ എന്ന സംഗീതപ്രതിഭ പ്രേക്ഷകരെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയി എന്നകാര്യം പങ്കെടുത്ത എല്ലാവരും കൃത്യമായി പറയും.
എന്നാൽ മറ്റൊരു കാര്യം എനിക്ക് പറയാനുള്ളത് പരിപാടിയുടെ സംഘാടനത്തിന്റെ മികവാണ്. ഒരു പരാതിക്കും ഇടവരാത്ത രീതിയിൽ മികവോടെയും പ്രാഗല്ഭ്യത്തോടെയുമാണ് ആ പരിപാടി നടന്നത്. തീർച്ചയായും സംഘാടകരായ ഗൾഫ് മാധ്യമത്തിന് അഭിമാനിക്കാം.25 വർഷത്തെ മികവിന് ഒരിക്കൽകൂടി ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഗൾഫ് മാധ്യമത്തിന്റെ തൊപ്പിയിലെ ഒരു സ്വർണത്തൂവലാണ്. മാധ്യമപ്രവർത്തനത്തിന്റെ മർമമറിഞ്ഞുള്ള നിങ്ങളുടെ പ്രവൃത്തി തുടരുക. എല്ലാ ദിവസവും പത്രം എത്താനായി ഞാനുൾപ്പെടെയുള്ള വായനക്കാർ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.