മന്ത്രി എം.ബി. രാജേഷിന് പലിശവിരുദ്ധസമിതി നിവേദനം നൽകി
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസികളുടെ സാമ്പത്തിക പരാധീനതകൾ മുതലെടുത്ത് നിയമവിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള പലിശക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലിശ വിരുദ്ധ സമിതി സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി. ജീവിത സാഹചര്യങ്ങൾമൂലം പലിശക്ക് പണം കടം വാങ്ങുന്നവനെ ഭീഷണിപ്പെടുത്തി ജീവിതകാലം മുഴുവൻ തങ്ങളുടെ വരുതിയിൽ നിർത്തി കൊള്ളയടിക്കുന്നതിനെതിരെ ഇന്ത്യൻ എംബസി മുഖാന്തരം നടത്തുന്ന നിയമ നടപടികൾക്ക് തുടർച്ചയായി നാട്ടിലും നിയമ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാൻ ഹതഭാഗ്യരായ ഇരകളുടെ കൈയിൽനിന്ന് ഒപ്പിട്ട ബ്ലാങ്ക് ബഹ്റൈൻ മുദ്രപത്രങ്ങളും ചെക്ക് ബുക്കുകളും കൈക്കലാക്കിയാണ് പലിശക്കാർ പണം കൊടുക്കുക. ഇരകളുടെ നിസ്സഹായാവസ്ഥ മുതലാക്കി ഈ രേഖകൾക്ക് പുറമെ നാട്ടിലുള്ള റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും ബ്ലാങ്ക് എൻ.ആർ.ഐ ചെക്കും വാങ്ങിവെക്കുകയും ചെയ്യും. പലിശയും കൂട്ടുപലിശയും ചേർത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങൾ പലിശവിരുദ്ധ സമിതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പലിശവിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ ശ്ലാഘിച്ച മന്ത്രി എം.ബി. രാജേഷ് തീർച്ചയായും നാട്ടിൽ ഇതിന്റെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം മാനുഷിക പരിഗണനകൂടി പരിഗണിച്ച് കൂടുതൽ ഇടപെടലുകൾ കൈക്കൊള്ളുമെന്ന് ഉറപ്പു നൽകി.പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം ജനറൽ കൺവീനർ യോഗാനന്ത്, ജനറൽ സെക്രട്ടറി ദിജീഷ്, എക്സിക്യൂട്ടിവ് അംഗം അഷ്കർ പുഴിത്തല, ഉപദേശക സമിതി അംഗവും കേരള പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.