നിയമവിരുദ്ധ പണമിടപാട് നടത്തുന്നവർക്ക് താക്കീതായി പലിശവിരുദ്ധ ജനകീയ സംഗമം
text_fieldsമനാമ: പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് നിർബാധം തടിച്ചുകൊഴുക്കുന്ന കൊള്ളപ്പലിശക്കാർക്കെതിരെയുള്ള താക്കീതായി മാറി കഴിഞ്ഞദിവസം സംഘടിപ്പിച്ച പലിശ വിരുദ്ധ ജനകീയ സംഗമം.
ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും പാസ്പോർട്ടും കൈക്കലാക്കി പ്രവാസിയുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്കുപോലും മുടക്കി പലരെയും ഇവിടെ കുടുക്കിയിട്ടിരിക്കുകയാണ് പലിശക്കാർ. വ്യാജ രേഖകളുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും മർദിച്ചും രേഖകളിൽ ഒപ്പുവെപ്പിച്ചും ഇരകളെ ജയിലിലും ജീവിതകാലം മുഴുവൻ പ്രവാസത്തിലും തളച്ചിടുന്ന ചൂഷകരിൽ മലയാളികളുമുണ്ട്.
ഇത്തരക്കാർക്കെതിരെ സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവൻ മനുഷ്യസ്നേഹികളും ഒരുമിച്ചു മുന്നോട്ടുപോവണമെന്ന് ജനകീയ സംഗമവും ബോധവത്കരണ സെമിനാറും ആവശ്യപ്പെട്ടു.
അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കാൻ പലിശക്ക് പണം കടമെടുത്തവർ മുതലും പലിശയുമടക്കം വാങ്ങിയതിന്റെ നാലും അഞ്ചും ഇരട്ടി മടക്കി നൽകിയിട്ടും പിന്നെയും പണത്തിനായി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഇരകളാക്കപ്പെട്ടവർ സദസ്സിനു മുന്നിൽ തുറന്നുപറഞ്ഞു. ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകളിൽ ഭീമമായ തുകകൾ എഴുതിച്ചേർത്ത് നിയമനടപടികൾക്ക് വിധേയമാക്കിയ സംഭവങ്ങളുടെ വിവരണങ്ങളും കേൾവിക്കാരുടെ ഉള്ളുലക്കുന്നതായിരുന്നു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികൾ തങ്ങളുടെ വരുമാനത്തിൽനിന്നുകൊണ്ട് ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ഐ.സി.ആർ.എഫ് മുഖേന ഇന്ത്യൻ എംബസി വഴി പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പലിശവിരുദ്ധ ജനകീയ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷനായിരുന്നു. ബഹ്റൈനിലെ സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവൻ സംഘടനകളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന പലിശവിരുദ്ധ സമിതിയുടെ ജനകീയ സംഗമങ്ങളും ബോധവത്കരണ സെമിനാറുകളും പലിശക്കെണിയിൽ കുടുങ്ങിയവരുടെ ഒത്തുചേരലുകളും ബഹ്റൈനിന്റെ എല്ലാ ഭാഗത്തും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ കൂടിയായ അഡ്വ. വി.കെ. തോമസ് നിയമ ബോധവത്കരണ പ്രഭാഷണം നടത്തി. സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായ അഡ്വ. മാധവൻ കല്ലത്ത്, പങ്കജ് നെല്ലൂർ, റസാഖ് മൂഴിക്കൽ, ഷാഫി പറക്കട്ട, ശ്രീധർ തേറമ്പിൽ, ഷാജി കാർത്തികേയൻ, ബിനു കുന്നന്താനം, ബദറുദ്ദീൻ പൂവാർ, അബൂബക്കർ ഹാജി, നവാസ് കുണ്ടറ, അഷ്കർ പൂഴിത്തല, രാമത്ത് ഹരിദാസ്, കമാൽ മുഹിയുദ്ധീൻ, നൗഷാദ് അമ്മാനത്ത്, ലത്തീഫ് കോളിക്കൽ, സിനു കക്കട്ടിൽ, അനീഷ്, വിനു ക്രിസ്റ്റി, സുഹൈൽ, ചന്ദ്രബോസ്, സുധി പുത്തൻവേലിക്കര, ഷാഫി തുടങ്ങിയവർ ജനകീയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
പലിശ വിരുദ്ധ ജനകീയ സമിതി ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും ബിനു കുന്നന്താനം നന്ദിയും പറഞ്ഞു. യോഗാനന്ത് കഷ്മിക്കണ്ടി, ഷിബു പത്തനംതിട്ട, അനസ് റഹീം, മണിക്കുട്ടൻ, ഷാജി മൂതല, മനോജ് വടകര, ബദറുദ്ദീൻ പൂവാർ, സിബിൻ സലീം, അഷ്കർ പൂഴിത്തല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.