മലയാളി സ്പോൺസർ ചതിച്ച അനുപ്രസാദ് ഒടുവിൽ നാട്ടിലേക്ക്
text_fieldsമനാമ: മലയാളി സ്പോൺസറുടെ കൊടുംചതിയിൽപെട്ട് ദുരിത ജീവിതം നയിക്കേണ്ടിവന്ന യുവാവിന് ഒടുവിൽ രക്ഷാമാർഗം. നീണ്ട നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ അനുപ്രസാദ് (33) ഇൗ മാസം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ്. അനുപ്രസാദിെൻറ പേരിൽ വ്യാജമായി സംഘടിപ്പിച്ച ഒൗട്ട്പാസ് ഉപയോഗിച്ച് കേരളത്തിലേക്ക് മുങ്ങിയ തിരുവനന്തപുരം ചൊവ്വര സ്വദേശി ഷാജി ഡാനിയലാണ് ഇൗ കഥയിലെ വില്ലൻ. ബഹ്റൈനിൽ വൻതുക കടബാധ്യതയുള്ള ഷാജിക്ക് യാത്രാവിലക്കുണ്ടായിരുന്നു. ഇത് മറികടക്കാനാണ് സ്വന്തം തൊഴിലാളിയായ അനുപ്രസാദിെൻറ പേരിൽ ഒൗട്ട്പാസ് സംഘടിപ്പിച്ച് നാടുവിട്ടത്. 2018 ഫെബ്രുവരിയിലാണ് അനുപ്രസാദിെൻറ ദുരിതങ്ങൾക്ക് തുടക്കം. രോഗിയായ അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങും തണലുമായ അനുപ്രസാദ് ഒരു സുഹൃത്ത് മുഖേനയാണ് ജോലി തേടി ബഹ്റൈനിൽ എത്തിയത്. ഷാജിയുടെ ഉടമസ്ഥതയിലുള്ള കോൺട്രാക്ടിങ് കമ്പനിയിൽ കെട്ടിട നിർമാണ തൊഴിലാളിയായാണ് ജോലി ലഭിച്ചത്. ആദ്യ മാസം മുതൽതന്നെ ദുരിതങ്ങളും തുടങ്ങി. വല്ലപ്പോഴുമൊക്കെയാണ് ശമ്പളം കൊടുത്തിരുന്നത്. ചോദിക്കുേമ്പാൾ 20ഉം 30ഉം ദിനാർ വീതം നൽകി. ആറുമാസം കഴിഞ്ഞ് സഹികെട്ടപ്പോൾ, നാട്ടിലേക്ക് തിരിച്ചുപോവുകയാണെന്ന് ഷാജിയോട് പറഞ്ഞു. എന്നാൽ, ശമ്പളം കൊടുക്കാമെന്നും ജോലിയിൽ തുടരാനുമായിരുന്നു മറുപടി. വീണ്ടും അവസ്ഥ അതുതന്നെയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, നാട്ടിലേക്ക് പോവുകയാണെന്നും തരാനുള്ള ശമ്പളം മുഴുവൻ നൽകണമെന്നും തീർത്തു പറഞ്ഞു. ഇതേത്തുടർന്ന് പാസ്പോർട്ട് തിരിച്ചുതരാമെന്ന് ഷാജി മറുപടി നൽകി. ഒക്ടോബറിൽ പാസ്പോർട്ട് തിരിച്ചുകൊടുക്കുകയും ചെയ്തു. ശമ്പളം ബന്ധുക്കൾ മുഖേന നാട്ടിൽ കൊടുക്കാമെന്നും അറിയിച്ചു.
ഇതിനകം അനുപ്രസാദിെൻറ വിസ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് മറ്റൊരു സ്പോൺസർ മുഖേന വിസ പുതുക്കാൻ പാസ്പോർട്ട് സമർപ്പിച്ചപ്പോഴാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയിൽ (എൽ.എം.ആർ.എ) പാസ്പോർട്ട് പരിശോധിച്ചപ്പോൾ അനുപ്രസാദ് ബഹ്റൈനിൽനിന്ന് പുറത്തുപോയി എന്നാണ് രേഖകളിൽ കാണിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി ഇന്ത്യൻ എംബസിയിൽനിന്ന് വ്യാജ ഒൗട്ട്പാസ് സംഘടിപ്പിച്ച വിവരം പുറത്തറിയുന്നത്. തുടർന്ന് സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്ത് മുഖേന ഇന്ത്യൻ എംബസിയിലും മുഖ്യമന്ത്രിയുടെ ഒാഫിസിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും പരാതി നൽകി. നാട്ടിലെ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഒരുതവണ ഷാജിയെ സ്റ്റേഷനിൽ വിളിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാൾ നാട്ടിലും മുങ്ങിനടക്കുകയാണെന്നാണ് വിവരം.
നീണ്ട അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ഒടുവിൽ അനുപ്രസാദിെൻറ നിരപരാധിത്വം അധികൃതർക്ക് ബോധ്യപ്പെടുകയും പുതിയ പാസ്പോർട്ട് അനുവദിക്കുകയുമായിരുന്നു. ഇൗ മാസം തന്നെ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അനുപ്രസാദ്. രണ്ടര സെൻറിലുള്ള വീട് വെള്ളപ്പൊക്കത്തിൽ പൂർണമായി നശിച്ചതുമൂലം കട്ട പെറുക്കിെവച്ച് ഷീറ്റ് മേഞ്ഞ വീട്ടിലാണ് അനുപ്രസാദിെൻറ കുടുംബം കഴിയുന്നത്. വിസക്കും അച്ഛെൻറ ചികിത്സക്കുമായി വാങ്ങിയ കടം വീട്ടാൻ ഇപ്പോൾ ഉള്ള സ്ഥലം കൂടി വിൽക്കേണ്ട അവസ്ഥയിലാണ്. നാട്ടിൽ ചെന്നാൽ നേരിടേണ്ട കടുത്ത യാഥാർഥ്യങ്ങൾ അനുപ്രസാദിനെ വിഷമത്തിലാക്കുന്നുണ്ട്. എങ്കിലും നാട്ടിലെത്താമല്ലോ എന്ന ആശ്വാസമുണ്ട്. എം.എം ടീം എന്ന സംഘടനയുടെ സഹായത്തോടെയാണ് ബഹ്റൈനിൽ ഇതുവരെ കഴിഞ്ഞതെന്നും അനുപ്രസാദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.