മെഡിക്കൽ എമർജൻസി, തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം; പ്രശ്നം ഏതായാലും999ൽ വിളിക്കാം
text_fieldsമനാമ: മെഡിക്കൽ എമർജൻസി, തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം തുടങ്ങി പൊലീസ് സഹായം ആവശ്യമുള്ള ഏതു കാര്യത്തിനും ബഹ്റൈനിലുള്ളവർക്ക് 999 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടാമെന്ന് ആഭ്യന്തര മന്ത്രാലയം.
എല്ലാ കാളുകളും ഗൗരവമായി എടുക്കുമെന്നും അധികൃതർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ കൈകാര്യംചെയ്യുന്നത് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ്. ആവശ്യം എത്ര ചെറുതായാലും വലുതായാലും സഹായിക്കാൻ സദാ സന്നദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂം മേധാവി മേജർ യാസീൻ ഇബ്രാഹിം പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആംബുലൻസ്, സിവിൽ ഡിഫൻസ് സേവനങ്ങൾ അടക്കം ലഭ്യമാക്കും. അടിയന്തര സ്വഭാവമുള്ള മെഡിക്കൽ എമർജൻസി, തീപിടിത്തം, ആത്മഹത്യശ്രമങ്ങൾ, ജീവൻ അപകടത്തിലാകുന്ന സംഭവങ്ങൾ എന്നിവക്ക് മുൻഗണന നൽകും. ചെറിയ ആവശ്യമാണെന്ന് തോന്നിയാലും വിളിക്കാൻ മടിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
കുട്ടികളിൽനിന്ന് കാളുകൾ ലഭിച്ചാലും അവ പരിഗണിക്കും. തെറ്റി വിളിച്ചാലും ഭയപ്പെടേണ്ടതില്ല. അക്കാര്യം പറഞ്ഞ് ക്ഷമ ചോദിച്ചാൽ മതി. അതിന്റെ പേരിൽ ശാസിക്കപ്പെടുകയോ നടപടി നേരിടേണ്ടിവരുകയോ ഇല്ല. മിസ് കാൾ ലഭിച്ചാൽ തിരികെ വിളിക്കും. ആവശ്യത്തിന്റെ അടിയന്തരാവസ്ഥ അനുസരിച്ചായിരിക്കും തുടർനടപടികൾ.
മുതിർന്നവർ ആകസ്മികമായി കേന്ദ്രത്തിലേക്ക് വിളിച്ചാലും, മാപ്പുപറഞ്ഞാൽ മതി. കുട്ടികൾ അബദ്ധത്തിലോ ആകാംക്ഷയിലോ ഹോട്ട്ലൈനിലേക്ക് വിളിച്ചാൽ, മാതാപിതാക്കൾ അവരെ ശകാരിക്കേണ്ടതില്ല. അറബിക്, ഇംഗ്ലീഷ്, ഉർദു, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ സംസാരിക്കാം. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് കേന്ദ്രത്തിലെ ജീവനക്കാർക്ക് ആംഗ്യഭാഷയിൽ പരിശീലനം നൽകിയിട്ടുണ്ട്.
വിഡിയോ കാളുകൾക്കായി മൂന്ന് എമർജൻസി ലൈനുകൾ നിലവിലുണ്ട്. 39363999, 39373999, 39383999. സഹായം ആവശ്യപ്പെടുന്ന ആളുകളുടെ ഏറ്റവും അടുത്തുള്ള ടീമുകളെ അയക്കാൻ സംവിധാനമുണ്ട്. സിസ്റ്റം ഓട്ടോമാറ്റിക്കായി എമർജൻസി ഫോൺ കാൾ ചെയ്യുന്ന സ്ഥലം രജിസ്റ്റർ ചെയ്യുകയും പട്രോളിങ് ടീമുകളെ അറിയിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.