പ്രധാനമന്ത്രിയുടെ പേരിൽ നൽകിവരുന്ന മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsഡോ. റംസാൻ അൽ നുഐമി
മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയുടെ പേരിൽ നൽകി വരുന്ന മാധ്യമ അവാർഡുകളുടെ 2025ലെ പതിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 15 വരെ സ്വീകരിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി അറിയിച്ചു. മികച്ച കോളം, അന്വേഷണാത്മക ജേണലിസം, ജേണലിസ്റ്റ് ഇന്റർവ്യൂ, ജേണലിസ്റ്റ് ഫോട്ടോ, ന്യൂസ്പേപ്പർ സപ്ലിമെന്റ്, പ്രസ് സ്ഥാപനത്തിന്റെ വെബ്സൈറ്റ്, വിഷ്വൽ ജേണലിസ്റ്റ് കണ്ടന്റ് (വിഡിയോ), ഇൻഫോഗ്രാഫിക് റിപ്പോർട്ട്, യൂനിവേഴ്സിറ്റി സ്റ്റുഡന്റ്റ് ജേണലിസം പ്രോജക്റ്റ് എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളുണ്ടാവും. കൂടാതെ, ബഹ്റൈൻ മാധ്യമ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ മാധ്യമ പ്രവർത്തകർക്ക് ജേണലിസ്റ്റ് ഓഫ് ദി ഇയർ, 2024ലെ ജേണലിസം പേഴ്സനാലിറ്റി വിഭാഗങ്ങളിലും പുരസ്കാരങ്ങളുണ്ടാവും.
എൻട്രികൾ കഴിഞ്ഞ വർഷം പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചവയായിരിക്കണം. മുമ്പ് പ്രാദേശിക അല്ലെങ്കിൽ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ച എൻട്രികൾ പരിഗണിക്കുന്നതല്ല. വിദ്യാർഥികളുടെ പ്രോജക്ടുകൾ 2024-2025 അധ്യയന വർഷത്തിൽ നിന്നുള്ളതും ബഹ്റൈൻ സർവകലാശാലകളിലെ ജേണലിസം അല്ലെങ്കിൽ മീഡിയ വകുപ്പുകളിൽ സമർപ്പിച്ചതുമായിരിക്കണം.
ഈ വിഭാഗത്തിൽ സർവകലാശാല വകുപ്പുകൾക്ക് പത്ത് വിഡിയോ പ്രോജക്ടുകൾ വരെ സമർപ്പിക്കാം. എൻട്രികളോടൊപ്പം പൂരിപ്പിച്ച നാമനിർദേശ ഫോമുമുണ്ടായിരിക്കണം. യോഗ്യതയും മാർഗനിർദേശങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mia.gov.bh ൽ ലഭ്യമാണ്. അന്വേഷണങ്ങൾക്ക് 17454945 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.