അറബ് സൈബർ സുരക്ഷ സമ്മേളനത്തിന് പ്രൗഢമായ തുടക്കം
text_fieldsമനാമ: രണ്ടാമത് അറബ് സൈബർ സുരക്ഷ സമ്മേളനത്തിന് ചൊവ്വാഴ്ച ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ പ്രൗഢമായ തുടക്കം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്ക് വേണ്ടി ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, അറബ് ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി കോൺഫറൻസും എക്സിബിഷനും (AICS 2023) ഉദ്ഘാടനം ചെയ്തു.
ആധുനിക സാങ്കേതിക യുഗത്തിൽ ഡിജിറ്റൽ സുസ്ഥിരതയും ഡേറ്റ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കുന്നതിനും ഇ-സുരക്ഷ വെല്ലുവിളികളും അപകടസാധ്യതകളും കൈകാര്യം ചെയ്യുന്നതിനുമുള്ള സർക്കാറിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു. ഹാക്കിങും സൈബർ ആക്രമണങ്ങളും ആളുകളുടെ ജീവനും താൽപര്യങ്ങളും വരെ അപകടത്തിലാക്കുന്നു. അട്ടിമറിക്കും ബ്ലാക്ക്മെയിലിങിനും സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണ്. എന്നാൽ, സാങ്കേതികവിദ്യ സൃഷ്ടിച്ച ശാസ്ത്രം ഈ ദുരുപയോഗത്തെ പരിഹരിക്കാനും കഴിവുള്ളതാണ്. രണ്ടു ദിവസത്തെ സമ്മേളനം ചർച്ചാ സെഷനുകളിലൂടെയും പരിശീലന ശിൽപശാലകളിലൂടെയും വിപുലമായ സൈബർ സുരക്ഷ പരിഹാരങ്ങൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിലും എക്സിബിഷനിലും വിവിധ അറബ് രാജ്യങ്ങളിൽ നിന്നുളള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. എക്സിബിഷനിൽ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും പ്രമുഖ സൈബർ സുരക്ഷ ട്രെൻഡുകളും പ്രദർശിപ്പിച്ചു.
സാങ്കേതികവിദ്യയിൽ വർധിച്ചുവരുന്ന ആശ്രയവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നേരിടുന്ന സൈബർ ഭീഷണികളും കണക്കിലെടുത്ത്, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സൈബർ സുരക്ഷ മേഖലയിലെ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള സാധ്യതകൾ സമ്മേളനം ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.