അറബ് ഗെയിംസ് 17ാമത് എഡിഷൻ 2031ൽ ബഹ്റൈനിൽ
text_fieldsമനാമ: അറബ് ഗെയിംസിന്റെ 17ാമത് എഡിഷൻ 2031ൽ ബഹ്റൈനിൽ നടക്കും. ജോർഡനിൽ നടന്ന അറബ് നാഷനൽ ഒളിമ്പിക് കമ്മിറ്റികളുടെ ജനറൽ അസംബ്ലി യോഗത്തിലാണ് തീരുമാനം. 2035ൽ നടക്കുന്ന അറബ് ഗെയിംസിന്റെ 18ാമത് എഡിഷൻ ജോർഡനിലായിരിക്കും. അറബ് നാഷനൽ ഒളിമ്പിക് കമ്മിറ്റികളുടെ 22ാമത് ജനറൽ അസംബ്ലി യോഗമാണ് യൂനിയൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ജോർഡനിൽ നടന്നത്. യോഗത്തിൽ ബഹ്റൈൻ പ്രതിനിധികളായി ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) ബോർഡ് അംഗവും അറബ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഒളിമ്പിക് സോളിഡാരിറ്റി ഡയറക്ടറുമായ ഫജർ ജാസിം, ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അബ്ദുൾ ഗഫാർ എന്നിവരും പങ്കെടുത്തു. യോഗം 2023ൽ അൽജീരിയയിൽ നടന്ന അറബ് ഗെയിംസടക്കം വിവിധ റിപ്പോർട്ടുകൾ അവലോകനം ചെയ്തു. 2024 ഫെബ്രുവരി 2 മുതൽ 12 വരെ ഷാർജയിൽ നടന്ന അറബ് വിമൻസ് ക്ലബ് സ്പോർട്സ് ഗെയിംസും അവലോകന വിധേയമായി. അറബ് നാഷനൽ ഒളിമ്പിക് കമ്മിറ്റികളുടെ 2023ലെ വാർഷിക റിപ്പോർട്ടും അസംബ്ലി അംഗീകരിച്ചു.
1953, 1957, 1961, 1965, 1976, 1985, 1992, 1997, 1999, 2004, 2007, 2011, 2023 വർഷങ്ങളിലാണ് ഇതുവരെ അറബ് ഗെയിംസ് നടന്നത്. 2023ൽ അൽജീരിയയിൽ നടന്ന അറബ് ഗെയിംസിൽ ബഹ്റൈൻ നാലാം സ്ഥാനം നേടിയിരുന്നു. 19 സ്വർണവും 11 വെള്ളിയും 12 വെങ്കലവുമടക്കം 42 മെഡലുകളാണ് ബഹ്റൈൻ സ്വന്തമാക്കിയത്. ആതിഥേയരായ അൽജീരിയ 105 സ്വർണം ഉൾപ്പെടെ 253 മെഡലുകളോടെ ഒന്നാമതെത്തി. അൽജീരിയക്ക് 76 വെള്ളിയും 72 വെങ്കലവും ലഭിച്ചു. തുനീഷ്യ (23 സ്വർണം) രണ്ടാം സ്ഥാനവും മൊറോക്കോ (21 സ്വർണം) മൂന്നാം സ്ഥാനവും നേടി. 2011ൽ ദോഹയിലായിരുന്നു അറബ് ഗെയിംസ്. 2027ൽ സൗദിയിലെ റിയാദിലാണ് അടുത്ത അറബ് ഗെയിംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.