അറബ് ഉച്ചകോടി: ഉടനീളം മുഴങ്ങിക്കേട്ടത് ഫലസ്തീനെതിരായ ക്രൂരതകളിലെ ആശങ്ക
text_fieldsമനാമ: 22 നേതാക്കൾ ഒന്നിച്ച 33ാം അറബ് ഉച്ചകോടി സമാപിക്കുന്നത് ഫലസ്തീന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്. ഇസ്രായേൽ ക്രൂരതയെ ശക്തമായി അപലപിക്കാനും മനാമ പ്രഖ്യാപനത്തിലൂടെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നു. ഫലസ്തീൻ ജനതക്ക് പൂർണസ്വാതന്ത്ര്യത്തോടെയും സുരക്ഷയോടെയും സ്വന്തം നാട്ടിൽ ജീവിക്കാൻ അവകാശമുണ്ടെന്നും അതിനെതിരായി നടത്തുന്ന ഇസ്രായേലിന്റെ കൊടും ക്രൂരതകൾ തുല്യതയില്ലാത്തതാണെന്നും ഉച്ചകോടി പ്രഖ്യാപനത്തിൽ പറഞ്ഞു.
രണ്ടര ദശലക്ഷത്തോളം മനുഷ്യരെ സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത സാഹചര്യമാണ് ഫലസ്തീനിലുള്ളത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ട സമയമാണിതെന്നും പ്രഖ്യാപനം ഓർമിപ്പിച്ചു.
പ്രയാസമനുഭവിക്കുന്ന മനുഷ്യർക്ക് സഹായമെത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഇസ്രായേൽ നടപടിയെ അപലപിക്കുകയും പ്രയാസമനുഭവിക്കുന്ന ഫലസ്തീനികൾക്ക്, യു.എൻ സഹകരണത്തോടെ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നാവശ്യപ്പെടുകയും ചെയ്തു. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഉച്ചകോടി അനുശോചനമർപ്പിക്കുകയും പുതിയ അമീർ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആശംസകൾ നേരുകയും ചെയ്തു.
അറബ് ഐക്യത്തിനായുള്ള സൗദിയുടെ ശ്രമങ്ങൾ അഭിനന്ദനാർഹം
32ാമത് ഉച്ചകോടിക്ക് നേതൃത്വം നൽകിയ സൗദി അറേബ്യ അറബ് ഐക്യത്തിനായി നടത്തിയ ശ്രമങ്ങൾക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഗസ്സയിലെ ഇസ്രായേൽ ക്രൂരത അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതിന് തീരുമാനിച്ചു.
അടിയന്തര വെടിനിർത്തലിനും ഗസ്സയിൽനിന്നും മുഴുവൻ ഇസ്രായേൽ സേനയും ഒഴിവായിപ്പോകുന്നതിനും ഉച്ചകോടി ആവശ്യപ്പെട്ടു. യു.എന്നിൽ ഫലസ്തീന് പൂർണാംഗത്വം ലഭിക്കുന്നതിനുള്ള തീരുമാനത്തെ ഉച്ചകോടി സ്വാഗതം ചെയ്തു.ഫലസ്തീൻ ജനതക്ക് അംഗീകാരവും ആദരവും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും വകവെച്ചു കൊടുക്കാൻ സന്നദ്ധമാകണമെന്നും ലോകരാജ്യങ്ങളെ ഉച്ചകോടി ഓർമിപ്പിച്ചു.
സുഡാൻ, സിറിയൻ പ്രശ്നങ്ങൾ പരിഹരിക്കണം
സുഡാന്റെ അഖണ്ഡതയും സ്വതന്ത്രാസ്തിത്വവും കാത്തുസൂക്ഷിക്കുന്നതിനും സമാധാനപൂർണമായ അന്തരീക്ഷം സാധ്യമാക്കുന്നതിനുമാവശ്യമായ നടപടികളുണ്ടാകണമെന്ന് ഉച്ചകോടിയിൽ ആവശ്യമുയർന്നു. സിറിയൻ പ്രശ്നം പരിഹരിക്കുന്നതിന് ഗൗരവപൂർണമായ ശ്രമങ്ങളുണ്ടാകണം. തീവ്രവാദികളുടെ തേരോട്ടത്തിൽനിന്നും സിറിയയെയും അവിടത്തെ ജനതയെയും സംരക്ഷിക്കേണ്ടതുണ്ട്. അഭയാർഥികൾക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങളൊരുക്കണമെന്നും ആവശ്യപ്പെട്ടു.
യമൻ, ലിബിയ, ലബനാൻ, സൊമാലിയ ഭരണകൂടങ്ങൾക്ക് പിന്തുണ
നിലവിലുള്ള യമൻ ഭരണകൂടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ഉച്ചകോടി, യമനിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിന് നിലവിലെ ഭരണകൂടത്തിന് കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
ലിബിയയുടെ സ്വതന്ത്രാസ്തിത്വത്തിനും ഐക്യത്തിനും പിന്തുണ പ്രഖ്യാപിക്കുകയും ആഭ്യന്തരകാര്യങ്ങളിൽ നടത്തുന്ന വിദേശ ഇടപെടലുകളെ തള്ളിക്കളയുന്നതായും പ്രഖ്യാപിച്ചു. ലബനാൻ ഭരണകൂടത്തിനും ജനതക്കും അവരുടെ സ്വതന്ത്രാസ്തിത്വത്തിനും പിന്തുണ പ്രഖ്യാപിക്കുകയും രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സോമാലിയൻ സർക്കാറിനും ജനതക്കുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും തീവ്രവാദ പ്രവർത്തനങ്ങളെ ചെറുത്തുതോൽപിക്കാൻ സോമാലിയക്ക് കഴിയുമെന്ന് ശുഭാപ്തി പ്രകടിപ്പിക്കുകയും ചെയ്തു. യു.എ.ഇക്ക് അവകാശപ്പെട്ട മൂന്ന് ദ്വീപുകൾ വിട്ടു കൊടുക്കാൻ ഇറാൻ തയാറാകണമെന്നും ഇക്കാര്യത്തിൽ നയതന്ത്ര പരിഹാരം തേടണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അറബ് ജല സുരക്ഷ സുപ്രധാനമായി കരുതുന്നുവെന്നും സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്ക് നൈൽ നദിയുടെ മേലുള്ള അവകാശം മാനിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളെയും തള്ളുന്നു
അറബ് രാജ്യങ്ങളുടെ മേൽ ഭീഷണിയായി വർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ സാന്നിധ്യം ആശങ്കയുണർത്തുന്നതും വിവിധ രാജ്യങ്ങളുടെ ഐക്യവും സ്വാതന്ത്ര്യവും അപകടപ്പെടുത്തുന്നതാണെന്നും വിലയിരുത്തി.
തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളെയും തള്ളിക്കളയുന്നതായി ഉച്ചകോടി വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രമേഖലകളിൽ ഭീഷണിയുയർത്തുന്നത് സ്വതന്ത്ര സഞ്ചാരത്തിന് ഭീഷണിയാണെന്നും അതിനാൽ സമുദ്രസുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു.
മധ്യ പൗരസ്ത്യദേശം ആണവായുധമടക്കമുള്ള നശീകരണായുധങ്ങളിൽനിന്നും മുക്തമാക്കുന്നതിന് എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. എന്നാൽ സമാധാനാവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായും ഉച്ചകോടി വ്യക്തമാക്കി.
ഫലസ്തീൻ പ്രദേശങ്ങളിൽ യു.എൻ സമാധാനസേനയെ വിന്യസിക്കണം
മനാമ: ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നത് വരെ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ സമാധാനസേനയെ വിന്യസിക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
22 അംഗ രാജ്യങ്ങൾ ചേർന്ന് പുറത്തിറക്കിയ ‘ബഹ്റൈൻ പ്രഖ്യാപന’ത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദ്വിരാഷ്ട്ര പരിഹാരം എന്ന ആവശ്യം സജീവമായി നിലനിർത്താനും അന്താരാഷ്ട്ര സമ്മർദം ശക്തമാക്കാനുമായി വരും മാസങ്ങളിൽ മനാമയിൽ സമാധാന സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.