അറബ് ഉച്ചകോടി: വിദേശകാര്യ മന്ത്രിമാർ അജണ്ട രൂപവത്കരണ യോഗത്തിൽ പങ്കെടുത്തു
text_fieldsമനാമ: 33ാമത് അറബ് ഉച്ചകോടിക്ക് മുമ്പു നടത്തിയ അജണ്ട സെറ്റിങ് യോഗത്തിൽ വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 32ാമത് ഉച്ചകോടി അധ്യക്ഷ സ്ഥാനമലങ്കരിക്കുന്ന സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സുഊദ് ആമുഖഭാഷണം നിർവഹിച്ചു.
അറബ് രാജ്യങ്ങളുടെ യോജിച്ച പ്രവർത്തനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും സൗദി ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് അംഗരാജ്യങ്ങൾ നൽകിയ പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഫലസ്തീൻ ജനതക്കെതിരെ ക്രൂരമായ ആക്രമണം നടന്നത് മുതൽ വിവിധ അംഗരാജ്യങ്ങളുമായി സഹകരിച്ച് യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ ആക്രമണം നിർത്തലാക്കാനും ശക്തമായ ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഇതിനായി പ്രത്യേക അറബ് ഒ.ഐ.സി യോഗം വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. ഫലസ്തീൻ ജനതക്ക് സാധ്യമായ മുഴുവൻ വഴികളിലൂടെയും സഹായമെത്തിക്കുന്നതിനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കരാറുകളും മനുഷ്യാവകാശ മാനദണ്ഡങ്ങളും യുദ്ധ മര്യാദകളും കാറ്റിൽ പറത്തിയാണ് ഇസ്രായേൽ നരനായാട്ട് തുടർന്നുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വേദികളും സംവിധാനങ്ങളും ദൗർബല്യം പ്രകടിപ്പിച്ച സന്ദർഭമായിരുന്നു ഇത്.
അന്താരാഷ്ട്ര തലത്തിൽ നീക്കങ്ങൾ ശക്തമാക്കി യുദ്ധം അവസാനിപ്പിക്കാനോ അടിയന്തര വെടിനിർത്തൽ തുടരാനോ ഈ വേദികൾക്ക് സാധ്യമായില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നീട് അധ്യക്ഷ സ്ഥാനം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഏറ്റെടുക്കുകയും അറബ് ഐക്യത്തിന്റെ ആവശ്യകത ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം വിരൽ ചൂണ്ടുകയും ചെയ്തു. അറബ് രാജ്യങ്ങളുടെ സഹകരണവും ഒരുമിച്ചുള്ള പ്രയാണവും സാധ്യമാക്കാനുള്ള ശ്രമങ്ങളിൽ കൂടുതൽ വ്യാപൃതമാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.