അറബ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ്; ബഹ്റൈന്‍ കിരീടം
text_fieldsമനാമ: 23ാമത് അറബ് പുരുഷന്മാരുടെ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈന്‍ കിരീടം. ഫൈനലില്‍ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് (25-17, 25-18, 21-25, 25-16) ബഹ്റൈന്‍ വോളിബാള്‍ ടീം ചരിത്രവിജയം നേടിയത്. മൂന്നാം തവണയാണ് ബഹ്റൈന്‍ കിരീടം നേടുന്നത്.
ഇതിനുമുമ്പ് 1992ലും 2008ലും ബഹ്റൈന്‍ അറബ് ചാമ്പ്യന്മാരായിരുന്നു. ഒമാനെ 3-0ന് (25-23, 25-21, 25-22) തോൽപിച്ച് ടുണീഷ്യ വെങ്കല മെഡൽ കരസ്ഥമാക്കി.
ശക്തമായ ആക്രമണങ്ങളും സെർവുകളുമായിരുന്നു ബഹ്റൈന്റെ മികവിന് കാരണം. നാസര്‍ അനന്, മുഹമ്മദ് യാക്കൂബ്, അലി ഇബ്രാഹിം എന്നിവരുടെ മികച്ച പ്രകടനം ബഹ്റൈനെ സഹായിച്ചു. ഖത്തറും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും അബ്ബാസ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിരോധത്തിലൂന്നി ആദ്യ സെറ്റ് 25-17 എന്ന സ്കോറില്‍ ഉറപ്പിച്ചു.
രണ്ടാം സെറ്റില്‍ മുഹമ്മദ് യാക്കൂബിന്റെയും ഹുസൈന് മന്സൂരിന്റെയും പ്രതിരോധ പ്രയത്നത്തിലും ഹാനി അലിയുടെ നേരിട്ടുള്ള സെര്‍വിലും ബഹ്റൈന്‍ ആധിപത്യം നിലനിര്‍ത്തി. അലി ഇബ്രാഹിമും നാസര്‍ അനനും പ്രതിരോധത്തില്‍ മികച്ചുനിന്നതോടെ ബഹ്റൈന്‍ 25-18ന് മുന്നിലെത്തി.
ബഹ്റൈന്‍ താരങ്ങളുടെ ചില പിഴവുകള്‍ മുതലാക്കി മൂന്നാം സെറ്റ് ഖത്തര്‍ 25-21ന് സ്വന്തമാക്കി. നാലാം സെറ്റില്‍, ബഹ്റൈന്‍ ശക്തമായ ആക്രമണത്തിലൂടെ കളി നിയന്ത്രണത്തിലാക്കി. മുഹമ്മദ് യാക്കൂബും അലി ഇബ്രാഹിമും ആക്രമണത്തിന് നേതൃത്വം നല്കി. ടീം ക്യാപ്റ്റന്‍ നാസര്‍ അനൻ മികച്ച ഫോമിലായിരുന്നു. മത്സരം 25-16ന് അവസാനിച്ചതോടെ ബഹ്റൈന്‍ കിരീടം സ്വന്തമാക്കി.
ഇത് മികച്ച നിമിഷമാണെന്ന് വിജയത്തെത്തുടർന്ന് അർജന്റീനക്കാരനായ ബഹ്റൈൻ ഹെഡ് കോച്ച് ജോർജ് എൽഗ്വെറ്റ പറഞ്ഞു. അവാർഡ് ദാന ചടങ്ങിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
ബഹ്റൈൻ വോളിബാൾ അസോസിയേഷൻ (ബി.വി.എ) പ്രസിഡന്റും അറബ് വോളിബാൾ അസോസിയേഷൻ ചീഫുമായ ശൈഖ് അലി ബിൻ മുഹമ്മദ് ആൽ ഖലീഫ, ജനറൽ സ്പോർട്സ് അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ റഹ്മാൻ അസ്കർ, ഫിലിപ്പീൻസിൽനിന്നുള്ള ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് റാമോൺ സുസാര, ബി.വി.എ സെക്രട്ടറി ജനറൽ ഫെറാസ് അൽ ഹെൽവാച്ചി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.