അറേബ്യൻ ഗൾഫ് കപ്പ് ; ബഹ്റൈൻ-ഒമാൻ ഫൈനൽ പോരാട്ടം ശനിയാഴ്ച
text_fieldsമനാമ: 26ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഒമാനും ബഹ്റൈനും ഏറ്റുമുട്ടും. ശനിയാഴ്ച വൈകീട്ട് ഏഴിന് കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
ചൊവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സൗദി അറേബ്യയെ തകർത്താണ് ഒമാന്റെ ഫൈനൽ പ്രവേശം. രണ്ടാം മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ കുവൈത്തിനെ 1-0ന് പരാജയപ്പെടുത്തിയാണ് ബഹ്റൈൻ ഫൈനലിലെത്തിയത്. 74ാം മിനിറ്റിൽ മുഹമ്മദ് ജാസിം മർഹൂമാണ് ബഹ്റൈനുവേണ്ടി ഗോൾ നേടിയത്.
51ാം മിനിറ്റിൽ മഹ്ദി അബ്ദുൽജബ്ബാർ ചുവപ്പ് കാർഡുകണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ബഹ്റൈൻ കളിച്ചത്. ഗൾഫ് കപ്പിൽ നേരത്തെ ഒമാൻ രണ്ടു തവണയും ബഹ്റൈൻ ഒരു തവണയും കിരീടം നേടിയിട്ടുണ്ട്. ഗ്രൂപ് ഘട്ടത്തിലെ മൂന്ന് കളികളിൽ രണ്ടു വിജയവും ഒരു സമനിലയും സെമി ഫൈനലിലെ മിന്നും ജയവുമായി തോൽവി അറിയാതെയാണ് ഒമാന്റെ ഫൈനൽ പ്രവേശം.
ദീർഘനാളത്തെ കിരീടനഷ്ടത്തിന് സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിലൂടെ വിരാമമിടാമെന്ന കുവൈത്തിന്റെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സെമി ഫൈനലിൽ ബഹ്റൈൻ നൽകിയത്. ജാബിർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ സ്വന്തം കാണികളുടെ പിൻബലത്തിൽ ഗ്രൗണ്ട് നിറഞ്ഞുകളിച്ച കുവൈത്തിന് സ്കോർ ചെയ്യാനായില്ലെന്നതാണ് തിരിച്ചടിയായത്.
ബഹ്റൈൻ ഇടക്കിടെ നടത്തിയ അപകടകരമായ ശ്രമങ്ങളെ തടഞ്ഞുനിർത്താനായെങ്കിലും കുവൈത്തിന് നേട്ടം സൃഷ്ടിക്കാനായില്ല.
52ാം മിനിറ്റിൽ മെഹ്ദി അബ്ദുൽ ജബ്ബാർ ചുവപ്പ് കാർഡ് ലഭിച്ചു പുറത്തായതോടെ ബഹ്റൈൻ ടീം 10 പേരായി ചുരുങ്ങി.
എന്നാൽ, ഈ അനുകൂല സാഹചര്യവും കുവൈത്തിന് മുതലെടുക്കാനായില്ല. 75ാം മിനിറ്റിൽ കുവൈത്ത് ഗോൾ പോസ്റ്റിന് സമീപമുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മുഹമ്മദ് മർഹൂം നേടിയ ഗോളിലൂടെ ബഹ്റൈൻ മുന്നിലെത്തി. ഗാലറിയുടെ പിന്തുണയോടെ അവസാന നിമിഷങ്ങളിൽ കുവൈത്ത് ഉണർന്ന് കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
ഹമദ് രാജാവ് അഭിനന്ദിച്ചു
മനാമ: 26ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിലെത്തിയ (ഖലീജി സെയിൻ 26) ബഹ്റൈൻ ദേശീയ ഫുട്ബാൾ ടീമിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അനുമോദിച്ചു. ടീമിന്റെ പ്രകടനത്തിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. കളിക്കാരെയും സാങ്കേതിക സ്റ്റാഫിനെയും അഡ്മിനിസ്ട്രേറ്റർമാരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.