അറേബ്യൻ ഗൾഫ് കപ്പ് ;ബഹ്റൈൻ ടീം ഇറാഖിൽ
text_fieldsമനാമ: വെള്ളിയാഴ്ച ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിനുള്ള ബഹ്റൈൻ ഫുട്ബാൾ ടീം ഇറാഖിലെത്തി. നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈൻ കിരീടം നിലനിർത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ്. ജനുവരി ഏഴിന് യു.എ.ഇക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. 10ന് ഖത്തറിനെയും 13ന് കുവൈത്തിനെയും നേരിടും. ഇറാഖിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അവസാനവട്ട പരിശീലനം നടത്തിയ ടീം അംഗങ്ങളെ യുവജനകാര്യ, കായിക സുപ്രീം കൗൺസിൽ ഒന്നാം ഉപാധ്യക്ഷനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
ഗ്രൂപ് ‘എ’യിൽ സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യമൻ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ് ‘ബി’യിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, യു.എ.ഇ ടീമുകളും ഇറങ്ങും. രണ്ടു ഗ്രൂപ്പുകളിലായി രണ്ടു ടീമുകൾ വീതം സെമിയിലേക്ക് യോഗ്യത നേടും. 2019ൽ ഖത്തറിലാണ് അറേബ്യൻ ഗൾഫ് കപ്പ് അവസാനമായി നടന്നത്.
അന്ന് ഫൈനലിൽ സൗദിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബഹ്റൈൻ ചാമ്പ്യന്മാരായത്. എന്നാൽ, ലോകകപ്പ് പ്രാഥമിക റൗണ്ടിൽ അർജന്റീനയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന സൗദി ഈ വർഷം എല്ലാവരും ഉറ്റുനോക്കുന്ന ടീമാണ്. പത്തു തവണ ചാമ്പ്യന്മാരായ കുവൈത്തിന് കഴിഞ്ഞ 12 വർഷമായി കിരീടം കിട്ടാക്കനിയാണ്. 1970ലാണ് ഗൾഫ് കപ്പിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.