സൂപ്പർ സൂപ്പർ ബഹ്റൈൻ; അറേബ്യൻ ഗൾഫ് കപ്പ് പവിഴദ്വീപിലേക്ക്
text_fieldsമനാമ: അറേബ്യൻ ഗൾഫ് കപ്പിൽ രണ്ടാം മുത്തമിട്ട് ബഹ്റൈൻ. കുവൈത്തിലെ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഒമാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് കിരീടനേട്ടം. ഒരുഗോളിന് പിറകിൽനിന്നശേഷം രണ്ടാംപകുതിയുടെ അവസാനഘട്ടത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ബഹ്റൈൻ ഗൾഫ് രാജ്യങ്ങളുടെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് രണ്ടാംതവണയും നെഞ്ചോടുചേർത്തത്.
കളി തുടങ്ങി 17ാം മിനിറ്റിൽ ഒമാന്റെ ആദ്യ ഗോൾ പിറന്നു. അബ്ദുറഹ്മാൻ അൽ മുശൈഫിരിയുടെ ഉജ്ജ്വല ഹെഡറിൽ ഒമാൻ മുന്നിൽ. തുടർന്ന് ലീഡ് ഉയർത്താൻ ഒമാനും സമനിലക്കുവേണ്ടി ബഹ്റൈനും ഉണർന്നുകളിച്ചപ്പോൾ മത്സരം ചൂടുപിടിച്ചു. കനത്തതണുപ്പിനെ വകവെക്കാതെ ഗാലറി നിറഞ്ഞ കാണികളിൽ ഇത് ആവേശത്തിര തീർത്തു. എന്നാൽ, ഒമാന്റെ ലീഡിനെ മറികടക്കാൻ ബഹ്റൈന് കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും ബഹ്റൈൻ പൊരുതിയെങ്കിലും ഒമാൻ പ്രതിരോധത്തിൽ തട്ടി തകർന്നു. ഇതിനിടെ ഒമാൻ മികച്ച ചില മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും ഗോളിലേക്ക് എത്തിയില്ല. കിരീടം ഒമാൻ ഉറപ്പിച്ചെന്ന് തോന്നിയഘട്ടത്തിൽ അപ്രതീക്ഷിതമായി ബഹ്റൈൻ തിരിച്ചടിച്ചു. 78 ാം മിനിറ്റിലെ പെനാൽറ്റിയിൽ മുഹമ്മദ് മർഹൂം ബഹ്റൈനെ സമനിലയിലെത്തിച്ചു.
തൊട്ടുപിറകെ 80ാം മിനിറ്റിൽ ഒമാൻ താരം മുഹമ്മദ് അൽ മുസ്ലിമിയുടെ സെൽഫ്ഗോൾ. മുഹമ്മദ് മർഹൂനിന്റെ ഗോൾ വലയെ ലക്ഷ്യമാക്കിയ പന്ത് മുഹമ്മദ് അൽ മൽസാമിയുടെ കാലിൽ തട്ടി വലയിലാകുകയായിരുന്നു. അവശേഷിച്ച 10 മിനിറ്റിൽ ഒമാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബഹ്റൈൻ വല കുലുക്കാൻ സാധിച്ചില്ല.
അഞ്ചുവർഷത്തെ ഇടവേളക്കുശേഷമാണ് ഗൾഫ്കപ്പ് വീണ്ടും ബഹ്റൈന്റെ മണ്ണിലെത്തുന്നത്. 2019ലാണ് ബഹ്റൈൻ ആദ്യമായി ഗൾഫ് കപ്പ് ഉയർത്തിയത്. ടൂർണമെന്റിൽ ഒരു മത്സരവും തോൽക്കാതെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഫൈനൽ മത്സരത്തിനിറങ്ങിയ ഒമാന്റെ കിരീടമോഹം ബഹ്റൈന്റെ പോരാട്ട മികവിൽ വീണുടഞ്ഞു.
രണ്ട് മിനിറ്റ് വ്യത്യാസത്തിൽ വിജയഗോളുകൾ; താരമായി മുഹമ്മദ് മർഹൂൻ
മനാമ: ഫൈനലിൽ കളിയുടെ ഗതിയെ മാറ്റിമറിച്ചത് 78 ാം മിനിറ്റിൽ പെനാൽറ്റി ഒമാൻ വലയിലെത്തിച്ച് ബഹ്റൈന്റെ മുഹമ്മദ് മർഹൂമായിരുന്നു. ഒരു ഗോളിനുപിന്നിൽനിന്ന് പൊരുതിക്കൊണ്ടിരുന്ന ടീമിനെ ആവേശത്തിലാറാടാൻ പോന്നതായിരുന്നു ആ ഉജ്ജ്വല ഗോൾ. സെമിയിൽ സൗദിക്കെതിരെ നിർണായക ഗോൾ നേടിയതും മുഹമ്മദ് മർഹൂൻ ആയിരുന്നു. ജിദാഫ്സിൽ ജനിച്ച 26കാരൻ ബഹ്റൈൻ ദേശീയ ടീമിന്റെ അഭിമാനമായ മിഡ് ഫീൽഡറാണ്. യു.എ.ഇയിൽ നടന്ന 2019 എ.എഫ്.സി ഏഷ്യൻ കപ്പിൽ ബഹ്റൈൻ ടീമിലംഗമായിരുന്നു മർഹൂൻ. അൽ റിഫ ടീമിന്റെ അഭിമാനമായിരുന്ന മർഹൂൻ 2022 മുതൽ കുവൈത്ത് എസ്.സിക്കുവേണ്ടി കളിക്കുന്നു.
കളിയാവേശം; ബഹ്റൈന് പിന്തുണയുമായി പ്രവാസലോകവും
മനാമ: 26ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിന് കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ ബഹ്റൈൻ ഉത്സാഹത്തിമിർപ്പിലായിരുന്നു. നാടെമ്പാടും ബിഗ്സ്ക്രീനുകൾ കളി കാണാനായി സജ്ജീകരിച്ചിരുന്നു. ടീമിന് പ്രോത്സാഹനം നൽകാനും ആവേശത്തിരമാലയിലാറാടാനുമായി ആയിരങ്ങളാണ് കുവൈത്തിലെത്തിയിരുന്നത്. പ്രത്യേക വിമാനങ്ങൾ ഇതിനായി സജ്ജീകരിച്ചിരുന്നു.
കളിക്കമ്പക്കാർക്ക് പിന്തുണയുമായി ബഹ്റൈനിൽ ഞായറാഴ്ച പൊതുഅവധി കൂടി പ്രഖ്യാപിച്ചതോടെ കളി നേരിട്ടു കാണാൻ കുവൈത്തിലെത്തിയവരുടെ എണ്ണം കൂടി. ബഹ്റൈന്റെ കളിയാവേശത്തിന് പിന്തുണയുമായി പ്രവാസികളും അണിനിരന്നു. എല്ലാ ക്ലബുകളിലും സംഘടനാ ഓഫിസുകളിലും ബിഗ്സ്ക്രീൻ പ്രദർശനം സംഘടിപ്പിച്ചിരുന്നു.
ബഹ്റൈൻ കേരളീയ സമാജത്തിൽ ഏഴിനുതന്നെ കായികപ്രേമികൾ ഇരിപ്പുറപ്പിച്ചു. ബി.എം.സിയിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബിഗ്സ്ക്രീൻ പ്രദർശനം നടന്നു. ബഹ്റൈന്റെ ഓരോ മുന്നേറ്റത്തിനുമൊപ്പം ആരവമുയർത്തി കളിയിൽ പങ്കുചേരുന്ന പ്രവാസികളെയാണ് എവിടെയുംകണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.