Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രദ്ധിക്കാം; സന്ദർശക...

ശ്രദ്ധിക്കാം; സന്ദർശക വിസയിൽ വന്ന് കുടുങ്ങാതിരിക്കാൻ

text_fields
bookmark_border
ശ്രദ്ധിക്കാം; സന്ദർശക വിസയിൽ വന്ന് കുടുങ്ങാതിരിക്കാൻ
cancel

മനാമ: കൃത്യമായ വ്യവസ്ഥകൾ പാലിക്കാതെ സന്ദർശക വിസയിലെത്തി വിമാനത്താവളത്തിൽ കുടുങ്ങുന്നവരുടെ എണ്ണം നിത്യേനയെന്നോണം കൂടുന്നു. നിരന്തരം ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കാതെ വരുന്നവരാണ് ഇവിടെ എത്തിയ ശേഷം പ്രയാസത്തിലാകുന്നത്. സന്ദർശക വിസയിൽ വരുന്നവർ പ്രധാനമായി ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്. 300 ബഹ്റൈൻ ദീനാർ അല്ലെങ്കിൽ തതുല്യമായ തുകക്കുള്ള കറൻസി കൈവശമുണ്ടായിരിക്കണം. അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ തുല്യ തുകയും ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ഡെബിറ്റ്/ക്രെഡിറ്റ് കാർഡും ബാങ്ക് അക്കൗണ്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും വേണം.

തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ്, താമസത്തിനുള്ള ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ രക്തബന്ധത്തിലുള്ളവരുടെയോ ഭാര്യ/ഭർത്താവ് എന്നിവരുടെ പേരിലോ ഉള്ള ഇലക്ട്രിസിറ്റി ബിൽ എന്നിവയാണ് കൈയിൽ കരുതേണ്ട മറ്റ് രേഖകൾ. ഇതിനു പുറമെ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് സമീപകാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. ഇ-വിസ, ഇ-എൻ.ഒ.സി (സ്പോൺസേഡ് വിസ) എന്നിവയാണ് ബഹ്റൈനിലേക്ക് സന്ദർശനത്തിന് വരുന്നവർ ആശ്രയിക്കുന്നത്. സ്പോൺസറുടെ കമ്പനി ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടാൽ സന്ദർശക വിസയിൽ വരുന്നവരും പ്രയാസത്തിലാകും. കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽനിന്ന് വന്ന ഒരു അമ്മയും മകളും ഇതേ പ്രശ്നത്താൽ വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു.

കാലിന് പ്ലാസ്റ്ററിട്ട് വിശ്രമത്തിൽ കഴിയുന്ന ഭർത്താവിനെ പരിചരിക്കാനാണ് ഇവർ ബഹ്റൈനിലേക്ക് വന്നത്. ഇവിടെ എത്തിയ ശേഷമാണ് സ്പോൺസറുടെ കമ്പനി ബ്ലാക്ക് ലിസ്റ്റിൽ അകപ്പെട്ട വിവരം അറിയുന്നത്. മണിക്കൂറുകൾക്കുശേഷം എമിഗ്രേഷൻ അധികൃതരുമായി സംസാരിച്ച് ഇവരെ പുറത്തിറക്കാൻ കഴിഞ്ഞതായി ഫസലുൽ ഹഖ് പറഞ്ഞു. സന്ദർശക വിസയിൽ എത്തിയ മറ്റൊരു സ്ത്രീക്ക് നേരിടേണ്ടി വന്നത് വേറിട്ടൊരു അനുഭവമാണ്. ബഹ്റൈനിലെ എമിഗ്രേഷൻ സിസ്റ്റത്തിൽ ഇവരുടെ വിസ കാണാനുണ്ടായിരുന്നില്ല. അതേസമയം, ഓൺലൈനിൽ പരിശോധിക്കുമ്പോൾ വിസ വാലിഡ് ആണെന്ന് കാണാനും കഴിഞ്ഞു. ഇവർ ആദ്യം ഫാമിലി വിസക്ക് അപേക്ഷിച്ച് കിട്ടാതെ വന്നപ്പോൾ സന്ദർശക വിസക്ക് അപേക്ഷിച്ചതാണ്.

രണ്ടാഴ്ച മുമ്പ് ഇവർക്ക് ബഹ്റൈനിൽ എത്തി തിരിച്ചുപോകേണ്ടി വന്നിരുന്നു. അടുത്തടുത്ത് രണ്ട് വിസകൾക്ക് അപേക്ഷിക്കുമ്പോൾ ഇത്തരം പ്രശ്നം നേരിടേണ്ടി വരാമെന്ന് ഫസലുൽ ഹഖ് പറഞ്ഞു. റെസിഡന്റ്സ് പെർമിറ്റ് കോപ്പി സൂക്ഷിക്കാത്തതിനാൽ കഴിഞ്ഞ ദിവസം മറ്റൊരു യാത്രക്കാരിയും വിമാനത്താവളത്തിൽ പ്രയാസം നേരിട്ടു. ബഹ്റൈനിൽ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നത് അവസാനിപ്പിച്ചതിനാൽ വെബ്സൈറ്റിൽനിന്ന് വിസയുടെ കോപ്പി എടുത്ത് പ്രിന്‍റൗട്ടായോ ഡിജിറ്റലായോ സൂക്ഷിക്കണം. ഇത് ചെയ്യാതിരുന്നതിനാൽ യാത്രക്കാരിക്ക് ബഹ്റൈനിൽ ഇറങ്ങാനായില്ല. തുടർന്ന് വിസ കോപ്പി എടുത്തുനൽകിയശേഷമാണ് ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതെന്ന് ഫസലുൽ ഹഖ് പറഞ്ഞു.

കൈവശം കരുതേണ്ട 300 ദിനാറുമായി വിമാനത്താവളത്തിന് പുറത്ത് ആൾ നിൽപുണ്ടെന്ന് ചില യാത്രക്കാർ എമിഗ്രേഷൻ അധികൃതരോട് പറയാറുണ്ട്. എന്നാൽ, ഇത് അധികൃതർ അംഗീകരിക്കില്ല. വ്യവസ്ഥ പാലിച്ചില്ലെങ്കിൽ തിരിച്ചുപോകേണ്ടി വരും. ആർക്കെങ്കിലും നിബന്ധനകളിൽ ഇളവ് ലഭിച്ചെന്ന് കരുതി എല്ലാവർക്കും ഇളവ് ലഭിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിസ എടുത്ത് നൽകുന്ന ട്രാവൽ ഏജന്‍റുമാർ തന്നെ എന്തൊക്കെയാണ് നിബന്ധനകളെന്ന് യാത്രക്കാർക്ക് പറഞ്ഞുകൊടുത്താൽ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. എന്നാൽ, പലരും ഇതിന് തയാറാകാത്തതാണ് ദിവസേനയെന്നോണം യാത്രക്കാർ കുടുങ്ങാൻ ഇടയാക്കുന്നതെന്ന് ഫസലുൽ ഹഖ് പറഞ്ഞു. വിശ്വാസ്യതയുള്ള ഏജന്റുമാർ മുഖേന വിസ എടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് എയർ വിസ മെസേജ് നിർത്തലാക്കി

മനാമ: സന്ദർശക വിസയിൽ വരുന്നവർ യാത്രപുറപ്പെടുന്നതിന് യോഗ്യരാണെന്ന് അറിയിച്ചുകൊണ്ട് വിസ മെസേജ് നൽകുന്നത് ഗൾഫ് എയർ തൽക്കാലം നിർത്തലാക്കി. ഒ.കെ ടു ബോർഡ് എന്ന മെസേജ് ലഭിച്ചാൽ നാട്ടിൽനിന്ന് പരിശോധനകൾ കൂടാതെ തന്നെ യാത്രക്കാരെ ബഹ്റൈനിലേക്ക് വരാൻ അനുവദിക്കും. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രക്കാർ ഇവിടെ എത്തിയ ശേഷം കുടുങ്ങുന്നത് ഒഴിവാക്കാനാണ് വിസ മെസേജ് നൽകുന്നത് ഒഴിവാക്കിയത്. നാട്ടിൽനിന്ന് തന്നെ രേഖകളെല്ലാം പരിശോധിച്ച ശേഷമായിരിക്കും യാത്രക്കാരെ കയറ്റിവിടുക. മറ്റ് എയർലൈൻസുകളും ഈ രീതി സ്വീകരിക്കാൻ സാധ്യതയുണ്ട്.

ഗൾഫ് എയർ വിസ മെസേജ് നിർത്തലാക്കി

മനാമ: സന്ദർശക വിസയിൽ വരുന്നവർ യാത്രപുറപ്പെടുന്നതിന് യോഗ്യരാണെന്ന് അറിയിച്ചുകൊണ്ട് വിസ മെസേജ് നൽകുന്നത് ഗൾഫ് എയർ തൽക്കാലം നിർത്തലാക്കി. ഒ.കെ ടു ബോർഡ് എന്ന മെസേജ് ലഭിച്ചാൽ നാട്ടിൽനിന്ന് പരിശോധനകൾ കൂടാതെ തന്നെ യാത്രക്കാരെ ബഹ്റൈനിലേക്ക് വരാൻ അനുവദിക്കും. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രക്കാർ ഇവിടെ എത്തിയ ശേഷം കുടുങ്ങുന്നത് ഒഴിവാക്കാനാണ് വിസ മെസേജ് നൽകുന്നത് ഒഴിവാക്കിയത്. നാട്ടിൽനിന്ന് തന്നെ രേഖകളെല്ലാം പരിശോധിച്ച ശേഷമായിരിക്കും യാത്രക്കാരെ കയറ്റിവിടുക. മറ്റ് എയർലൈൻസുകളും ഈ രീതി സ്വീകരിക്കാൻ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manamaarriving on tourist visastrapped at airport
News Summary - The number of people arriving on tourist visas and being trapped at the airport is on the rise
Next Story