പാഴ് വസ്തുക്കളിൽനിന്ന് കലാസൃഷ്ടികൾ; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി സമീറ റഷീദ്
text_fieldsമനാമ: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ച് ബഹ്റൈൻ പ്രവാസിയായ സമീറ റഷീദ്. പാഴ് വസ്തുക്കൾകൊണ്ട് മനോഹരമായ വസ്തുക്കൾ നിർമിച്ചാണ് ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശി സമീറ റഷീദ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ സ്ഥാനം പിടിച്ചത്. ചെറിയാത്ത് ഹസ്സൻകുഞ്ഞിന്റെയും കുഞ്ഞുമുത്തിന്റെയും മകളായ സമീറ കഴിഞ്ഞ 23 വർഷമായി ബഹ്റൈനിൽ പ്രവാസിയാണ്. ഭർത്താവ് പാറക്കാട്ടു തയ്യിൽ അബ്ദുൾ റഷീദ് ബഹ്റൈനിൽ സഫാരി പെർഫ്യൂം ഷോപ്പ് ഉടമയാണ്. കുടുംബ ജീവിതം നയിക്കുന്നതിനിടയിൽ കുട്ടികൾക്കുവേണ്ടി സ്കൂളിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് പ്രോജക്ട് ചെയ്തു തുടങ്ങിയപ്പോഴാണ് ഇങ്ങനെ ഒരു ആശയം മനസ്സിലേക്ക് വന്നത്. വെറുതെ സമയം പാഴാക്കാതെ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നല്ല ഭംഗിയുള്ള കലാസൃഷ്ടികൾ ഉണ്ടാക്കിത്തുടങ്ങി.
2014ൽ സഫാരി ഹാൻഡിക്രാഫ്റ്റ് എന്ന ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന കലാസൃഷ്ടികളുടെയും ഫോട്ടോ പോസ്റ്റ് ചെയ്തു തുടങ്ങി. അങ്ങനെയാണ് 100 പാഴ് വസ്തുക്കൾ ഉപയോഗിച്ച് 236 കലാസൃഷ്ടികൾ ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹയായത്.
ബഹ്റൈനിൽ 20ഓളം എക്സിബിഷൻ ചെയ്തിട്ടുണ്ട്. ബഹ്റൈൻ ടൂറിസം വികസനത്തിന്റെ ഭാഗമായി ചെയ്ത എക്സിബിഷനിൽ ബഹ്റൈൻ ഗവണ്മെന്റിന്റെ അംഗീകാരവും ലഭിച്ചിരുന്നു. 2019ൽ ബഹ്റൈൻ ഇൻറർനാഷനൽ ഗാർഡൻ ഷോയുടെ ഭാഗമായി നടത്തിയ എക്സിബിഷനിൽ ബെസ്റ്റ് എക്സിബിസ്റ്റ് ഇൻ ഹാൻഡി ക്രാഫ്റ്റ്സ് വിഭാഗത്തിൽ ഒന്നാം സമ്മാനത്തോടെ ശൈഖ ഫാത്തിമ ബിൻത് അഹ്മദ് അൽ ഖലീഫ ട്രോഫി കരസ്ഥമാക്കി.
2021ൽ നടന്ന എക്സിബിഷനിൽ രണ്ടാം സമ്മാനവും നേടി. 2016 മുതൽ എല്ലാ വർഷവും വിവിധ മലയാളി അസോസിയേഷനുകളിൽ നടക്കുന്ന സമ്മർക്യാമ്പുകളിൽ കുട്ടികൾക്ക് ക്ലാസെടുക്കാറുണ്ട്. വിവിധ അസോസിയേഷനുകൾ സ്ത്രീകൾക്കായി നടത്തുന്ന പരിശീലന പരിപാടികളിലും ക്ലാസ് എടുക്കാറുണ്ട്. വിദ്യാർഥികളായ സൽമാൻ ഫാർസി, സുൽത്താന റഷീദ്, മുഹമ്മദ് റഷ്ദാൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.