നിർമിതബുദ്ധി: ബഹ്റൈൻ ഇന്റർനാഷനൽ ഇ-ഗവൺമെന്റ് ഫോറം സമാപിച്ചു
text_fieldsമനാമ: പത്താമത് ബഹ്റൈൻ ഇന്റർനാഷനൽ ഇ-ഗവൺമെന്റ് ഫോറത്തിന് സമാപനം. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ഫോറം നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി എന്ന വിഷയത്തിലാണ് ഇത്തവണ ഫോറം നടക്കുന്നത്.
ആദ്യ ദിനം 500ലധികം പേർ പങ്കെടുത്തു. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ പ്രശസ്തരായ അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ സമ്മേളനത്തിനെത്തിയിട്ടുണ്ട്. നിർമിതബുദ്ധി, സോഷ്യൽ മീഡിയ നെറ്റ്വർക്കുകൾ, നിർമിതബുദ്ധിയുടെ പശ്ചാത്തലത്തിൽ ജോലിയുടെ ഭാവി, ഡിജിറ്റൽ പരിവർത്തനത്തിൽ നിർമിതബുദ്ധിയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിദഗ്ധർ പങ്കിട്ടു. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട എഴുത്തുകാരിയും സംരംഭകയുമായ നീന ഷിക്ക്, വിവരങ്ങളുടെയും ഡിജിറ്റൈസേഷന്റെയും കാലഘട്ടത്തിൽനിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിലേക്കുള്ള നിലവിലെ മാറ്റത്തെക്കുറിച്ച് വിവരിച്ചു. വിവരസാങ്കേതിക യുഗത്തിൽനിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലേക്ക് ലോകം മാറിയിരിക്കുന്നു.
ഈ സാങ്കേതികവിദ്യ നമുക്കു ചുറ്റുമുള്ള ലോകത്തെ അടിസ്ഥാനപരമായി മാറ്റുന്നു. വ്യവസായങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ നിർമിതബുദ്ധി വലിയ പങ്ക് വഹിക്കുന്നു. ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം വരെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ നിർമിതബുദ്ധി സഹായകരമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഫോറത്തിൽ 12ാമത് ഇ-ഗവൺമെന്റ് എക്സലന്‍സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് അന്താരാഷ്ട്ര ട്രേഡ് ആൻഡ് എക്സിബിഷൻ കമ്പനിയുടെ കീഴിൽ ഇത്തരമൊരു എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള കമ്പനികളും മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും സാമൂഹിക സംഘടനകളും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വിഷയാവതാരകരും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, ഐ.ടി മേഖലകളിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖാഇദ് ഫോറത്തിൽ പങ്കെടുത്ത വിദഗ്ധരെ ആദരിച്ചു.
30 മുതൽ 50 ശതമാനം വരെ തൊഴിലുകൾ നിർമിതബുദ്ധിയുടെ വരവോടെ ഇല്ലാതാകും
ഇന്ന് നിലവിലുള്ള ജോലികളിൽ 30 മുതൽ 50 ശതമാനം വരെ തൊഴിലുകൾ നിർമിതബുദ്ധിയുടെ വരവോടെ ഇല്ലാതാകുമെന്ന് പ്രശസ്ത നോർവീജിയൻ വിവര സാങ്കേതികവിദ്യ വിദഗ്ധയും ബഹ്റൈൻ ഇന്റർനാഷനൽ ഇ-ഗവൺമെന്റ് ഫോറത്തിലെ മുഖ്യ പ്രഭാഷകരിൽ ഒരാളുമായ ജെന്നിഫർ വെസൽസ് പറഞ്ഞു. വരാനിരിക്കുന്ന മാറ്റങ്ങൾക്കായി ലോകം തയാറെടുക്കേണ്ടതുണ്ട്. നിർമിതബുദ്ധിയുടെ കടന്നുവരവോടെ നമ്മൾ അടിസ്ഥാനപരമായി മാറേണ്ടിവരും. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ എ.ഐ ഉപയോഗിക്കപ്പെടാം. ഏകദേശം 30 മുതൽ 50 ശതമാനം ജോലികൾക്ക് ഇനി പ്രസക്തിയുണ്ടാകില്ല. തൊഴിലന്വേഷകർ അതിനനുസരിച്ച് പരിവർത്തനപ്പെടേണ്ടിവരുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.