ആർട്സ് ക്ലബ്
text_fieldsഉമ്മു അമ്മാർ മനാമ
കവിത
മൗനത്തിൻ തൂവലുകൾ
പൂപ്പൽ നിറഞ്ഞ
മനസ്സിന്റെ ഓരത്ത്
കൊഴിഞ്ഞുവീണത്
വാക്കുകളുടക്കിയ
മൗനത്തിന്റെ
തൂവലുകളായിരുന്നു
പറയാൻ കൊതിച്ച
വാക്കുകൾ
ഉര ചെയ്യാനാവാതെ
വീർപ്പുമുട്ടി പൊള്ളി
കരിവാളിച്ചിരുന്നു.
സ്നേഹം വിതറിയ
വഴികളിൽ പറയാൻ മറന്ന
വാക്കുകൾ ചിന്നിച്ചിതറി
തെറിച്ചുവീണിരുന്നു...
കനവുകൾ കാണാനായ്
ഒപ്പം നടന്നവർ
പതിയെപ്പതിയെ
നിനവുകളിൽ മാത്രമായി
മാറിയിരുന്നു...
പറയാൻ ബാക്കിവെച്ച
പരിഭവങ്ങളുമായ്
പാതിവഴിയിൽ നിന്നും
വേർപിരിഞ്ഞവർ
മനസ്സിന്റെ കോവിലിൽ
അരൂപിയായ് മാറിയിരിക്കുന്നു...
ഓർമയുടെ
പുസ്തകത്താളിൽ
വീണ്ടും ചേർത്തുവെക്കാം
മോഹിക്കാൻ മറന്ന
മോഹങ്ങളെയും പറയാൻ
കൊതിച്ച വാക്കുകളെയും...
മൗനത്തിന്റെ നിറം മങ്ങിയ
തൂവലുകൾക്കൊപ്പം.....
മനു കാരയാട്, ഈസ്റ്റ് റിഫ
ഞാനും അവരും
എനിക്കു മുന്നിലൂടെ
രണ്ടുപേർ
നടന്നുപോകുന്നു
അറിഞ്ഞുകൊണ്ടുതന്നെ
ഞാനവരെ പിന്തുടരുന്നു
അവർ നടന്നുനടന്ന്
ഒരു കാട്ടുപൊന്തക്കുള്ളിൽ
മറയുന്നു
ഞാൻ കാത്തുകാത്ത്
പുറത്ത്
വിയർത്തുനിൽക്കുന്നു
എന്തിനാവുമവർ
കാട്ടു പൊന്തക്കുള്ളിൽ
മറഞ്ഞതെന്ന്
ഞാൻ ചിന്തിച്ചുനിൽക്കുന്നു.
എന്തിനാകും
ഞാൻ പുറത്ത്
കാത്തുനിൽക്കുന്നതെന്ന്
അവരും
ചിന്തിച്ചുപോകുന്നു.
പൊടുന്നനെ
കാട്ടുപൊന്തക്കുള്ളിൽ നിന്നും
സൂചിമുനക്കൊക്കുള്ള
രണ്ട്പക്ഷികൾ
എന്റെ തലക്കുചുറ്റും
വട്ടംചുറ്റുന്നു.
എന്നെ കൊത്തിയെടുത്ത്
അവ നഗരമധ്യത്തിലൂടെ
പറന്നുപോകുന്നു!.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.