മനം കുളിർപ്പിക്കുന്ന മലയാള മണ്ണ്
text_fieldsകാടും കാട്ടുചോലയും കായൽപരപ്പും കടലോരങ്ങളും മനം കുളിർപ്പിക്കുന്ന മലയാളമണ്ണ്. വൈവിധ്യങ്ങളാൽ സമ്പന്നമായ എന്റെ നാട്. പ്രവാസത്തിന്റെ ചൂടും ചൂരുമേറ്റ് ജീവിതം യാന്ത്രികതയിൽ മുന്നോട്ടു പോകുമ്പോഴും എന്റെ നാടും നാട്ടോർമകളും എന്നിൽ വല്ലാത്തൊരനുഭൂതി നൽകി കടന്നുപോകുന്നുണ്ട്. പ്രശാന്ത സുന്ദരമായ വനപ്രദേശങ്ങളും പച്ചപ്പരവതാനി വിരിച്ച വയലേലകളും സ്വർണവർണങ്ങളിൽ മുങ്ങിനിൽക്കുന്ന നെൽക്കതിരുകളും മനോഹരമായ കുന്നിൻ ചരിവുകളും എന്റെ കേരളത്തിനുമാത്രം സ്വന്തം.
അതുകൊണ്ടുതന്നെയാണ് സസ്യശ്യാമള മനോഹരമായ ഈ നാടിനെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് സ്വദേശികളും വിദേശികളും ഏകസ്വരത്തിൽ വിശേഷിപ്പിക്കുന്നത്. അയൽപക്ക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും ഓണവും പെരുന്നാളും ക്രിസ്മസും ഒരുപോലെ ആഘോഷിക്കാനും കേരളീയരെ പോലെ മറ്റാർക്കാണ് കഴിയുക?.
കേരളീയരുടെ മനസ്സിൽ അലതല്ലുന്ന ജലോത്സവമാണ് വള്ളംകളി. അത് കേരളത്തിന്റെ ഉത്സവമാണെന്ന് ഓരോ കേരളീയർക്കും അവകാശപ്പെടാം. കളരിപ്പയറ്റ് ആയോധന കലയും എന്റെ കേരളത്തിന്റെ സവിശേഷത തന്നെ. മെയ് വഴക്കം വിളിച്ചോതുന്ന കളരിപ്പയറ്റ് ഏറെ പുകൾപെറ്റതാണ്. സാക്ഷരതയുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്നത് എന്റെ കേരളംതന്നെ. പ്രശസ്തരായ ഒരുപാട് എഴുത്തുകാർക്കും കവികൾക്കും ജന്മം നൽകിയ ദേശം കൂടിയാണെന്റെ കേരളം.
ഒപ്പം ഒട്ടനവധി കവികളും എഴുത്തുകാരും സാംസ്കാരിക നായകന്മാരും ജീവിച്ചതും ജീവിക്കുന്നതുമായ ഇടമാണെന്റെയീ അക്ഷരകേരളം. യുനെസ്കോ സാഹിത്യനഗരം പദവി നൽകി അംഗീകരിച്ച ഇന്ത്യയിലെതന്നെ ആദ്യനഗരം നമ്മുടെ കേരളത്തിലെ കോഴിക്കോടാണെന്നതും നമുക്ക് അഭിമാനിക്കാനുള്ള വസ്തുതതന്നെ. സുഗന്ധദ്രവ്യങ്ങളുടെ കേദാരം കൂടിയാണ് എന്റെ കേരളനാടെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.
അതുപോലെ പ്രകൃതിദുരന്ത ആപത്തുകൾ വന്നെത്തുമ്പോൾ ഒറ്റക്കെട്ടായി നേരിടാനും എന്റെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. മുണ്ടക്കൈ, ചൂരൽമല ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കേരളം നേരിട്ടത് ലോകം കണ്ടതാണ്. അവിടെ ജാതി, മത, വർണ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി നയിച്ചത് എങ്ങനെ മറക്കാൻ കഴിയും.
ഷിരൂരിൽ മണ്ണിനടിയിൽപെട്ട് കാണാതായ അർജുന് വേണ്ടി എന്റെ കേരളം പ്രാർഥന നിർഭരമായി കണ്ണീരൊഴുക്കിയതും നമ്മൾ കണ്ടു. ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാം എന്റെ കേരളം എത്ര സുന്ദരമാണെന്ന്. ഇവിടം സ്നേഹവായ്പുകളുടെ ഈറ്റില്ലം തന്നെ.
എന്നിരുന്നാലും, ചിരകാലമായി നാം കാത്തുസൂക്ഷച്ച മതസൗഹാര്‍ദത്തിന് ചെറുതായി ഉലച്ചില്‍ സംഭവിക്കുന്നുവെന്നത് നാം മനസ്സിലാക്കേണ്ടിരിക്കുന്നു. എന്റെ കേരളത്തിൽ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയുമെല്ലാം ഏകോദര സഹോദരരെപ്പോലെ കഴിഞ്ഞ ആ നല്ല കാലത്തെ ഇനിയും ഒപ്പം ചേർത്തുപിടിക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ലഹരിയിൽ ആറാടുന്ന യുവതലമുറയെ കാണുമ്പോൾ എന്റെ കേരളത്തിന് എന്തു സംഭവിച്ചെന്നോർത്ത് ഞാൻ പരിതപിക്കുന്നു. സ്ത്രീ സുരക്ഷയും തെരുവ് നായ് ദുരിതം അനുഭവിക്കുന്നവരുമുള്ളത് കേരളത്തിൽ തന്നെ എന്നോർക്കുമ്പോൾ ഭയം തോന്നുന്നു.
രാഷ്ട്രീയ പകപോക്കലുകളിൽ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളേയും ഭർത്താവിനെ നഷ്ടപ്പെട്ട വിധവയേയും അച്ഛനെ നഷ്ടപ്പെട്ട മക്കളേയും കാണുമ്പോൾ മനസ്സകം തെല്ലൊന്നുമല്ല വേദനിക്കുന്നത്. മനുഷ്യനെ സ്നേഹിക്കുന്ന, സ്ത്രീയെ കരുതലോടെ കാണുന്ന, ഒരു പുതുതലമുറ എന്റെ കേരളത്തെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരും എന്ന് ഞാൻ പ്രത്യാശിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും 14 ജില്ലകളിലെ പുഴകളും പുൽമേടുകളും കൊണ്ടലങ്കരിച്ച, വിവിധതരം ആഘോഷങ്ങൾകൊണ്ട് ആഹ്ലാദം പങ്കിടുന്ന, സ്നേഹവും സൗഹാർദവും മനസ്സ് നിറക്കുന്ന, ബുദ്ധിമുട്ടുകളിൽ ചേർത്തുപിടിക്കുന്ന, മതത്തിന്റെ അതിർവരമ്പുകൾ തീർക്കാത്ത, വെറുപ്പിന്റെ മതിലുകൾ പണിയാത്ത, ഒരുപാട് സുമനസ്സുകളുടെ സുന്ദരയിടം തന്നെയാണെന്റെ കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.