വാക്കുകളുടെ നിലവിളി
text_fieldsആളൊഴിഞ്ഞ കടൽക്കരയിലെ മണൽത്തരികൾക്കു മീതെ മലർന്നുകിടന്ന്, മേലെ മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിക്കൊണ്ടിരിക്കുമ്പോഴും അയാളുടെ നയനങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘങ്ങൾക്ക് സമാനമായി നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. ഒരുവേള കിടന്നിരുന്ന നിലം പിളർന്ന് അന്തർധാനം ചെയ്തെങ്കിലെന്നുപോലും മനസ്സ് വല്ലാതെ ആശിച്ചുപോവുന്നു. അല്ലെങ്കിൽ അലറി മുറവിളികൂട്ടുന്ന തിരമാലകൾ മറ്റൊരു സൂനാമിയുടെ രൂപം പ്രാപിച്ചെങ്കിലെന്നും ഉള്ളകം വല്ലാതെ കൊതിക്കുന്നത് കിതപ്പിനിടയിലും അയാൾ അറിയുന്നുണ്ടായിരുന്നു.
എല്ലാ മനുഷ്യരെയുംപോലെ തനിക്കും ഉണ്ടായിരുന്നില്ലേ സ്വപ്നങ്ങൾ. അഴിമതിയുടെ കറ പുരളാതെ സർവിസിൽനിന്ന് വിരമിക്കണമെന്ന തന്റെ ആഗ്രഹമല്ലേ ആ കശ്മലൻ ഒരു ചില്ല് ഗ്ലാസ് എറിഞ്ഞുടക്കുന്നത് പോലെ തകർത്തുകളഞ്ഞത്. ഒരു കണക്കിന് പറഞ്ഞാൽ തന്നെ താങ്ങി നിർത്തിയ ഊന്നു വടിയായിരുന്നില്ലേ സംശുദ്ധമായ ഔദ്യോഗിക ജീവിതം? ആ വടിയുടെ താങ്ങില്ലാതെ എങ്ങനെ ഞാൻ ഇനി സമൂഹത്തിന്റെ മുന്നിൽ എഴുന്നേറ്റ് നിൽക്കും? ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി സ്വയം വന്നു കൊണ്ടിരിക്കുമ്പോൾ വീണ്ടും കണ്ണുകൾ മുകളിൽ മാണിക്യ ശോഭയോടെ മിന്നിത്തിളങ്ങിയ താരകങ്ങൾക്ക് മേലെ പതിച്ചു.
തന്റെ ഭാവി പോലെ അവക്കും വെളിച്ചം കുറഞ്ഞു വരുന്നതായി അയാൾക്ക് തോന്നി. കഴിഞ്ഞ മണിക്കൂറിനിടയിൽ സംഭവിച്ച കാര്യങ്ങൾ ഒരു തിരശ്ശീലയിലെന്നപോലെ എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിന്റെ വാതിലുകൾ ചവിട്ടിപ്പൊളിച്ചുകൊണ്ട് വീണ്ടും കയറി വന്നുകൊണ്ടേയിരുന്നു. വില്ലേജ് ഓഫിസിൽ നടന്ന പരിപാടിയിൽ തന്നെ അകാരണമായി ശകാരിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.
ഒരു സുഹൃത്തിന്റെ കെട്ടിടത്തിനു സാങ്കേതികമായ തടസ്സങ്ങളുടെ പേരിൽ നിർമാണ അനുമതി നൽകാൻ കുറച്ചു വൈകിപ്പോയതിന്റെ അരിശം തീർക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ ചളിവെള്ളം തന്റെ വെള്ളക്കുപ്പായത്തിൽ ആവോളം തെറിപ്പിച്ചുകൊണ്ടുള്ള അയാളുടെ സംസാരം സകല നിയന്ത്രണവും തെറ്റിക്കുന്ന തരത്തിലുള്ളതായതിനാൽ താൻ മാത്രമല്ല സഹ പ്രവർത്തകരും അസ്വസ്ഥരായിരുന്നു.
എന്തൊക്കെയോ അപ്പോൾതന്നെ എഴുന്നേറ്റുനിന്നു വിളിച്ചുപറയണമെന്ന് തോന്നിയിരുന്നു. പക്ഷേ, അവയവങ്ങൾ ഒന്നും ചലിക്കാത്ത തരത്തിൽ ശരീരംപോലും തന്നോട് എന്തോ അരിശം തീർക്കുകയായിരുന്നോ എന്നിപ്പോൾ സംശയം തോന്നുന്നു.
സമൂഹ മാധ്യമങ്ങളിൽ നിമിഷം പ്രതി വൈറൽ ആയിക്കൊണ്ടിരിക്കുന്ന അയാളുടെ വിഡിയോയും അതിനുതാഴെ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള തെറിവിളികളും ഓർത്തപ്പോൾ എത്രയെത്ര രൂപങ്ങളും ഭാവങ്ങളും ഉള്ളിൽ കൊണ്ടുനടക്കുന്ന വിചിത്ര ജീവിയാണ് മനുഷ്യൻ എന്ന കാര്യം ഉൾക്കിടിലത്തോടെ ഓർത്തു. ചുറ്റുമുള്ള ഇരുട്ടിനു കൂടുതൽ കട്ടി കൈവരുന്നതുപോലെ അയാൾക്ക് തോന്നി.
ഏതോ ഒരു അദൃശ്യ പ്രേരണ എന്നപോലെ അലറി മറിയുന്ന തിരമാലകളുടെ വായിലേക്ക് ആവേശത്തോടെ അയാൾ നടന്നു കയറി. ഇരയെ കിട്ടിയ ആവേശത്തോടെ അവ അയാളെ എടുത്ത് ആഴിയുടെ നടുവിലേക്ക് ചുഴറ്റിയെറിഞ്ഞു. മരണത്തിന്റെ മരം കോച്ചുന്ന തണുപ്പ് അയാളെ മെല്ലെ മെല്ലെ പൊതിയാൻ തുടങ്ങുമ്പോഴും റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന ആറു കണ്ണുകൾ മനസ്സിൽ നോവായി പടരുന്നുണ്ടായിരുന്നു. വില്ലേജ് ഓഫിസിന്റെ ചുവരുകൾക്കിടയിൽ വിതുമ്പിനിന്ന വാക്കുകൾ നിലവിളിച്ചുകൊണ്ട് അപ്പോഴും പറയുന്നുണ്ടായിരുന്നു. ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.