മലയാളി ഉള്ളിടത്തോളം മാധ്യമം നിലനിൽക്കും -ഇസ്മായിൽ പതിയാരക്കര
text_fieldsമനാമ: വാർത്ത മാധ്യമങ്ങളിൽ വലിയ വഴിത്തിരിവായി പിറന്നുവീണ മാധ്യമം ദിനപത്രം കഴിഞ്ഞ 29 വർഷമായി മുടക്കം കൂടാതെ വായിച്ചുപോന്ന ഒരു വ്യക്തിയാണ് ഞാൻ. 18 വർഷത്തോളമായി പ്രവാസത്തിന്റെ ദിനവും ആരംഭിക്കുന്നത് ഗൾഫ് മാധ്യമത്തിലെ അക്ഷരങ്ങളിലൂടെയാണ്. ഗൾഫ് ജീവിതം തിരഞ്ഞെടുത്തതു മുതൽ തന്നെ വായനക്കാരുടെ കുറിപ്പുകളായും കഥകളും കവിതകളുമായും എന്റെ ചെറിയ തോതിലുള്ള എഴുത്തുസഞ്ചാരം നടന്നുകൊണ്ടിരിക്കുന്നതും ഈ പത്രത്തിന്റെ താളുകളിലൂടെ തന്നെയാണ്.
മുത്തശ്ശിപ്പത്രങ്ങൾ മുതൽ വലിയ തോതിൽ പ്രവർത്തകന്മാരുടെ പിന്തുണയുള്ള സംഘടന ജിഹ്വകൾ വരെ പരാജയം ഏറ്റുവാങ്ങിയ ഈ കത്തുന്ന മരുഭൂമിയിൽ മാധ്യമം മാത്രം തളിർത്തുനിൽക്കുന്നതിന്റെ രഹസ്യം പരതിയാൽ നാം ചെന്നെത്തുക ഈ ദിനപത്രത്തെ ഒരു വികാരമായി കൊണ്ടുനടക്കുന്ന നാനാജാതി വിഭാഗത്തിൽപെട്ട പച്ചമനുഷ്യരുടെ നിർലോഭമായ സഹകരണം എന്ന തണലിലാണ്.സ്വന്തം ശബ്ദം ഒരിക്കൽപോലും പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാനായി കരുതലോടെ കാവൽ നിൽക്കുന്നവർക്കു മുന്നിൽ പതറി വാക്കുകൾ നഷ്ടപ്പെട്ടുപോയ അടിസ്ഥാന വർഗത്തിന്റെ വിങ്ങലുകളെ പുറംലോകത്തെ കേൾപ്പിക്കുകയും ഉച്ചത്തിലുച്ചത്തിൽ അവരെക്കൊണ്ട് അവകാശങ്ങളെ കുറിച്ച് സംസാരിപ്പിക്കുകയും ചെയ്തു എന്നതാണ് മാധ്യമം സമൂഹത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന.
ഒപ്പം ഒരു ജോലി എന്നതിനപ്പുറം സാമൂഹിക നന്മ ലാക്കാക്കിയുള്ള പ്രവർത്തനമായി പത്രപ്രവർത്തനത്തെ കാണുന്ന ഒരു പുതിയ തലമുറയെ വാർത്തെടുത്തുവെന്നതും എടുത്തുപറയേണ്ട ഒന്നാണ്. ഓരോ മനുഷ്യനും റിപ്പോർട്ടറായി മാറുകയും വാർത്തകളുടെ പിറവി സമയത്തുതന്നെ അത് ലോകം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാമൂഹിക മാധ്യമങ്ങളുടെ അപ്രമാദിത്വം നിറഞ്ഞുനിൽക്കുന്ന കാലത്തും അതിരാവിലെ പത്രത്തിലൂടെ കടന്നുപോയാലേ അന്നത്തെ ദിവസം സമ്പൂർണമാവൂ എന്നു ചിന്തിക്കുന്ന മലയാളി ഉള്ളിടത്തോളം മാധ്യമം നിലനിൽക്കുകതന്നെ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.