ഏഷ്യൻ ഗെയിംസ് മെഡൽനേട്ടം; കായികതാരങ്ങളെ അഭിനന്ദിച്ച് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ
text_fieldsമനാമ: ചൈനയിലെ ഹാങ്ചോ നഗരത്തിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ കായികതാരങ്ങളെ മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ അഭിനന്ദിച്ചു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്), ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ഒപ്പമുണ്ടായിരുന്നു.
ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽവേട്ട നടത്തിയാണ് ബഹ്റൈന്റെ മടക്കം. 20 മെഡലുകൾ നേടി ഒമ്പതാമതാണ് ബഹ്റൈൻ. 12 സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമുൾപ്പെടെയാണിത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അഭിനന്ദനങ്ങൾ ശൈഖ് നാസർ കായികതാരങ്ങളെ അറിയിച്ചു. ഏഷ്യയിൽ ഒമ്പതാം സ്ഥാനവും അറബ് ലോകത്ത് ഒന്നാമതുമെത്തിയത് അഭിമാനകരമാണ്. 1974നുശേഷം ഏറ്റവും കൂടുതൽ സ്വർണമെഡലുകൾ നേടിയത് ഇത്തവണയാണ്. ടീം ഏഴ് പുതിയ റെക്കോഡുകളും സ്ഥാപിച്ചു. ടൂർണമെന്റിലെ പോരാട്ടവീര്യം, നിശ്ചയദാർഢ്യം, സ്ഥിരോത്സാഹം എന്നിവക്ക് ടീമംഗങ്ങളെ ശൈഖ് നാസർ പ്രശംസിച്ചു. അത്ലറ്റിക്സ്, ഭാരോദ്വഹനം, ഗുസ്തി, ഹാൻഡ്ബാൾ, ജിയു-ജിറ്റ്സു എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചു. വിൻഫ്രെഡ് യാവി, കെമി അദികോയ, ബിർഹാനു ബാല്യൂ യെമാത്വ എന്നിവർ അത്ലറ്റിക്സിൽ ഇരട്ട സ്വർണം നേടി.
4x400 മീറ്റർ മിക്സഡ് റിലേയിലും വനിതകളുടെ 4x400 മീറ്റർ റിലേ എന്നിവയിലും രാജ്യം സ്വർണമണിഞ്ഞിരുന്നു. ഭാരോദ്വഹനത്തിൽ മിനാസാൻ ഗോർ, പുരുഷന്മാരുടെ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ തഴുദിനോവ് അഖ്മദ്, വനിതകളുടെ മാരത്തണിൽ ചൂമ്പ യൂനിസ് ചെബിച്ചി പോൾ, വനിതകളുടെ 10,000 മീറ്ററിൽ വയോല ജെപൂച്ച എന്നിവരാണ് രാജ്യത്തിനുവേണ്ടി സ്വർണം നേടിയത്.
ഈ നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്കാളികളായ സാങ്കേതിക, അഡ്മിനിസ്ട്രേറ്റിവ് രംഗത്ത് പ്രവർത്തിക്കുന്നവരെയും ശൈഖ് നാസർ അഭിനന്ദിച്ചു. പാരിസ് ഒളിമ്പിക്സിലും ടീം മികച്ച നേട്ടം കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.