റെക്കോഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് 'നല്ലകാലം'
text_fieldsമനാമ: ഇന്ത്യൻ രൂപയുടെ വിലയിടിവ് റെക്കോഡ് നിലയിൽ എത്തിയപ്പോൾ കോളടിച്ചത് പ്രവാസികൾക്ക്. ബുധനാഴ്ച ഒരു ബഹ്റൈൻ ദീനാറിന് 210 രൂപ എന്ന നിലയിൽ വിനിമയനിരക്ക് എത്തി.
രൂപയുടെ വിലയിടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് പ്രതികൂലമാണെങ്കിലും നാട്ടിലേക്ക് പണമയക്കുമ്പോൾ കൂടുതൽ തുക ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ഒരു ഡോളറിന് 79.63 എന്ന നിലയിയാണ് രൂപ ബുധനാഴ്ച ക്ലോസ് ചെയ്തത്. തലേ ദിവസത്തേക്കാൾ മൂന്നു പൈസയുടെ ഇടിവാണുണ്ടായത്. ഓഹരി വിപണിയിലെ തകർച്ചയാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം.
ഈ വർഷം തുടക്കം മുതൽ ആരംഭിച്ച മൂല്യത്തകർച്ച ഫെബ്രുവരി 20ന് യുക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതോടെയാണ് രൂക്ഷമായത്. ഫെബ്രുവരി 21ന് ഡോളറിനെതിരെ 74.49 എന്ന നിലയിൽനിന്നാണ് ബുധനാഴ്ച 79.63 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തിയത്. വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് വൻതോതിൽ പിൻവാങ്ങുന്നത് രൂപയുടെ വില ഇടിയാൻ കാരണമായി. കഴിഞ്ഞ ആറു മാസത്തിനിടെ 2.32 ട്രില്യൺ രൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്.
അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾ ഏറെയുള്ള കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം എത്താനും ഇടയാക്കും.
വിദേശത്തുനിന്ന് പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. എന്നാൽ, കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള പണത്തിന്റെ അളവിൽ കുറവുണ്ടായി. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുകയും തൊഴിൽ രംഗം മെച്ചപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ പണമൊഴുക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.
വിനിമയനിരക്കിലെ മാറ്റംകൂടിയാകുമ്പോൾ കേരളത്തിന് ലഭിക്കുന്ന തുകയുടെ വലുപ്പവും കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.