പവിഴദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് കായികതാരങ്ങൾ
text_fieldsമനാമ: മേളയിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നെത്തിയ കായികതാരങ്ങൾക്ക് പവിഴദ്വീപിന്റെ സാംസ്കാരിക പൈതൃകവും സൗന്ദര്യവും ആസ്വദിക്കാൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി( ബി.ടി.ഇ.എ) അവസരമൊരുക്കി.
യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ബഹ്റൈൻ ഫോർട്ടിൽനിന്നാണ് പര്യടനം ആരംഭിച്ചത്. ബി.സി 2300 കാലഘട്ടത്തിൽ വേരുകളുള്ള ദിൽമുൻ നാഗരികതയുടെ സാംസ്കാരിക കേന്ദ്രമായിരുന്നു ഈ പുരാതന കോട്ട. തുടർന്ന് കായികതാരങ്ങൾ ബഹ്റൈനിലെ ഏറ്റവും പഴയ പരമ്പരാഗത മാർക്കറ്റുകളിലൊന്നായ മനാമ സൂഖ് സന്ദർശിച്ചു.
1988ൽ പ്രവർത്തനമാരംഭിച്ച ഗൾഫിലെ ആദ്യത്തെ ദേശീയ മ്യൂസിയമായ ബഹ്റൈൻ നാഷനൽ മ്യൂസിയവും വിദ്യാർഥികൾക്കായി തുറന്നു. ഫോർമുല വൺ റേസ് അടക്കം പ്രധാന കായിക മത്സരങ്ങളുടെ വേദിയായ ബഹ്റൈൻ ഇന്റർ നാഷനൽ സർക്യൂട്ടും താരങ്ങൾ സന്ദർശിച്ചു.
മുഹറഖ് ബെയ്ത് അൽ-സിയാദി ഭവനസന്ദർശനം പരമ്പരാഗത ബഹ്റൈൻ വാസ്തുവിദ്യയെക്കുറിച്ച് വിദ്യാർഥികൾക്ക് ഉൾക്കാഴ്ച നൽകി. 19ാം നൂറ്റാണ്ടിൽ നിർമിച്ച ഈ ചരിത്രഭവനം രാജ്യത്തിന്റെ വാസ്തുവിദ്യ പൈതൃകത്തിന്റെയും കരകൗശല വൈദഗ്ധ്യത്തിന്റെയും തെളിവാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ പേളിങ് പാത്ത്, ബു മഹർ കോട്ട എന്നിവിടങ്ങളിലും വിദ്യാർഥികൾ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.