‘ബി അവയർ’ ആപ്, ബെനിഫിറ്റ് പേ എന്നിവയുടെ മറവിൽ തട്ടിപ്പിന് ശ്രമം
text_fieldsമനാമ: ആരോഗ്യ വകുപ്പിന്റെ ‘ബി അവയർ’ ആപ്പിന്റെയും ബെനിഫിറ്റ് പേ ആപ്പിന്റെയും മറവിൽ തട്ടിപ്പിന് വീണ്ടും ശ്രമമെന്ന് പരാതി. കോവിഡ് വാക്സിൻ എടുത്തിരുന്നോ എന്നുചോദിച്ചാണ് കഴിഞ്ഞദിവസങ്ങളിൽ പലർക്കും ഫോൺ കോളുകൾ വന്നത്. ഹിന്ദിയിൽ സംസാരിച്ചയാൾ ‘ബി അവയർ’ ഓഫിസിൽനിന്നാണെന്നും ചോദ്യങ്ങൾക്ക് ശരിയായ മറുപടി പറയണമെന്നും പറഞ്ഞു. ഹിന്ദി അറിയില്ല എന്നു മനസ്സിലാക്കിയപ്പോൾ ഉടൻ അടുത്തയാൾ എത്തി ഇംഗ്ലീഷിൽ സംസാരിക്കും. കോൾ കട്ട് ചെയ്യാതെതന്നെ അവർ അയച്ചുതരുന്ന ലിങ്കിൽ കയറി അപ്ഡേറ്റ് ചെയ്യണമെന്നാണ് പറയുക. ലിങ്കിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടും. സംശയാസ്പദമായ ഇത്തരം കോളുകൾ വന്നാൽ അപ്പോൾ തന്നെ കട്ട് ചെയ്യുകയാണ് ഉചിതമെന്ന് അധികൃതർ പറയുന്നു. ബെനിഫിറ്റ് പേ ആപ്പിന്റെ മറവിലും കബളിപ്പിക്കൽ ശ്രമങ്ങൾ ഊർജിതമാണ്. വിളിക്കുന്നയാൾ അയച്ചുതരുന്ന ലിങ്കിൽ കയറി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ബെനിഫിറ്റ് പേ പ്രവർത്തിക്കാതെയാകും എന്നാണ് പറയുക.
കഴിഞ്ഞ മാസങ്ങളിലും ‘ബി അവയർ’ ആപ്പിന്റെ മറവിൽ തട്ടിപ്പ് നടന്നിരുന്നു.
കോവിഡ് പോസിറ്റിവായ മലയാളിയാണ് അന്ന് ഇതുസംബന്ധിച്ച് പരാതിപ്പെട്ടത്. കോവിഡ് റിസൽട്ട് പോസിറ്റിവ് ആണെന്ന് ആശുപത്രിയിൽനിന്ന് പറഞ്ഞതിനെത്തുടർന്ന് മരുന്നുകളുമായി മടങ്ങുകയായിരുന്നു.
വീട്ടിലെത്തി കുറച്ചുസമയത്തിനുശേഷം നിങ്ങൾക്ക് കോവിഡ് ആണെന്നും പുതിയ ‘ബി അവയർ’ ആപ്പിന്റെ ലിങ്ക് അയക്കുകയാണെന്നും അതിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരാൾ ഫോൺ ചെയ്യുകയായിരുന്നു. അതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഒ.ടി.പി വരുമെന്നും അത് പറഞ്ഞു തരണമെന്നുമായിരുന്നു ആവശ്യം. ലിങ്കിൽ ക്ലിക്ക് ചെയ്തെങ്കിലും ഒ.ടി.പി പറഞ്ഞുകൊടുത്തില്ല. ഹോസ്പിറ്റലിൽ പോയി അധികൃതരോട് സംസാരിച്ചോളാം എന്ന് പറഞ്ഞപ്പോൾ വിളിച്ചയാൾ ഫോൺ കട്ട് ചെയ്തു.
എന്നാൽ, വാട്സ്ആപ് ഹാക്ക് ചെയ്യപ്പെട്ടതിനാൽ വാട്സ്ആപ് നമ്പർ പിന്നീട് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഗൂഗ്ൾ പ്ലേ സ്റ്റോറിലൂടെ അല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് അപകടകരമാണ്.
ഫോണിൽ വരുന്ന സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഒ.ടി.പിയോ വ്യക്തിഗത വിവരങ്ങളോ ഫോണിലൂടെ ബന്ധപ്പെടുന്നവർക്ക് കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.