ഇന്ത്യൻ സ്കൂളിനെ തകർക്കാനുള്ള ശ്രമം തിരിച്ചറിയണം -സ്കൂൾ ചെയർമാൻ
text_fieldsമനാമ: ഫീസ് കുടിശ്ശിക വരുത്തിയ രക്ഷിതാക്കളോട് തുക അടയ്ക്കാൻ ആവശ്യപ്പെട്ട് സ്കൂളിൽനിന്ന് പ്രിൻസിപ്പൽ അയച്ച സർക്കുലറിനെ തെറ്റായി വ്യാഖ്യാനിച്ച് ചില പ്രതിപക്ഷ ഗ്രൂപ്പുകളെന്ന് അവകാശപ്പെടുന്നവരും നിക്ഷിപ്ത താൽപര്യക്കാരും നടത്തുന്ന വ്യാജ പ്രചാരണം സ്കൂളിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണോയെന്ന് സംശയിക്കുന്നതായി ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഫീസ് കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് എല്ലാ കാലത്തും സ്കൂളിൽനിന്ന് രക്ഷിതാക്കൾക്ക് സർക്കുലർ അയക്കാറുണ്ട്. അത് സ്കൂളിന്റെ നിലനിൽപ് ആഗ്രഹിക്കുന്ന ആരും ഒരിക്കലും വിവാദമാക്കാറില്ല.
എന്നാൽ, ഇപ്പോൾ അയച്ച സർക്കുലർ വിവാദമാക്കുക മാത്രമല്ല, അത് മന്ത്രാലയത്തിന് പരാതിയായി അയക്കാൻപോലും പ്രതിപക്ഷം എന്നവകാശപ്പെടുന്നവർ തയാറായി. ഇത്രയധികം ഫീസ് കുടിശ്ശികക്ക് നിദാനമായ സാഹചര്യം സൃഷ്ടിച്ചതിൽ പ്രതിപക്ഷ ഗ്രൂപ്പുകൾക്ക് ഒഴിഞ്ഞുമാറാനാവില്ല. തെരഞ്ഞെടുപ്പിനുശേഷം തങ്ങൾ അധികാരത്തിൽ വന്നാൽ ഫീസ് കുടിശ്ശിക എഴുതിത്തള്ളുമെന്ന നിരുത്തരവാദപരമായ പ്രചാരണം അവർ അഴിച്ചുവിട്ടിരുന്നു. അത് വിശ്വസിച്ച നിരവധി രക്ഷിതാക്കൾ ഫീസ് അടയ്ക്കാതിരിക്കുകയും അത് അവർക്കു വലിയ ബാധ്യതയായി മാറുകയും ചെയ്തതായി മനസ്സിലാക്കുന്നതായും അഡ്വ. ബിനു മണ്ണിൽ വറുഗീസ് പ്രസ്താവനയിൽ പറഞ്ഞു.
സാധാരണയായി സ്കൂളിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ നടത്തുന്ന സ്കൂൾ ഫെയറിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി വിദ്യാർഥികളും മാരകമായ അസുഖങ്ങൾ നേരിടുന്ന അധ്യാപകർ അടക്കം സ്കൂൾ ജീവനക്കാരും അതിന്റെ ഗുണഭോക്താക്കളാണ്.
എന്നാൽ, അശരണരെ സഹായിക്കുന്നത് ഇഷ്ടപ്പെടാത്ത പ്രതിപക്ഷ ഗ്രൂപ്പുകൾ വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ പരാതിയുടെ ഫലമായി കഴിഞ്ഞ രണ്ടു വർഷമായി സ്കൂൾ ഫെയർ നടത്താൻ കഴിയാത്ത സാഹചര്യമാണ്. ഇവരുടെ പരാതി കാരണം സ്കൂൾ ഓഡിറ്റോറിയവും മറ്റും വിവിധ ആവശ്യങ്ങൾക്ക് വാടകക്ക് നൽകാൻ കഴിയാതെവന്നതിനാൽ ആ വരുമാനവും മുടങ്ങി. ബഹ്റൈനിലെ പല ചെറിയ സംഘടനകൾക്കും കുറഞ്ഞ ചെലവിൽ സ്കൂളിൽ അവരുടെ പരിപാടികൾ നടത്താനുള്ള സാഹചര്യം അതോടെ ഇല്ലാതായി.
നിരന്തരം മന്ത്രാലയത്തിന് പരാതികൾ നൽകുന്നതിനും സ്കൂളിനെതിരെ കേസ് കൊടുക്കുന്നതിനും നേതൃത്വം നൽകിയവരിൽ ഒരാൾ ഇപ്പോൾ ഭരണസമിതിയിലുണ്ട്. മാത്രമല്ല ഇപ്പോഴും അത്തരം നിലപാടുകൾ അവർ തുടരുകയാണെന്നതിന്റെ ഉദാഹരണമാണ് സോഷ്യൽ മീഡിയയിലൂടെ അവർ നടത്തുന്ന വ്യാജ പ്രചാരണവും മന്ത്രാലയത്തിൽ ഇപ്പോൾ നൽകിയ പരാതിയും. ഇത്തരത്തിൽ സ്കൂളിനെ പൊതുസമൂഹത്തിൽ നിരന്തരം ദ്രോഹിച്ചശേഷം പുറത്ത് മുതലക്കണ്ണീർ ഒഴുക്കുന്നവരുടെ തനിനിറം തിരിച്ചറിയണം.
മറ്റൊരു ആരോപണം സ്കൂൾ ഫീസ് കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ അയച്ചതെന്നാണ്. ഇത് ഉന്നയിച്ച മുൻ ചെയർമാന്റെ കാലത്തെപോലെ വളഞ്ഞവഴിയിലൂടെ ഫീസ് വർധന അടിച്ചേൽപിക്കുകയെന്നത് ഇപ്പോഴത്തെ സ്കൂൾ ഭരണസമിതിയുടെയോ അതിന് നേതൃത്വം കൊടുക്കുന്ന പി.പി.എയുടെയോ നിലപാടല്ല.
ഫീസ് വർധിപ്പിക്കണമെങ്കിൽ രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരുടെ സമ്മതത്തോടെ മാത്രമേ അത് നടപ്പാക്കുകയുള്ളൂ. ഫീസ് വർധന നിലവിൽ ഭരണസമിതിയുടെ അജണ്ടയിലില്ല. ഫീസ് കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ അയച്ചതിനെതുടർന്ന് ഇതുവരെ 2,29,580 ദിനാർ പിരിഞ്ഞുകിട്ടിയെന്നത് ആശ്വാസകരമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ സ്കൂളിന് പിന്തുണയേകിയ എല്ലാ രക്ഷിതാക്കൾക്കും നന്ദി പറയുന്നതായും അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.