ഓഡിറ്റ് റിപ്പോർട്ട് പാർലമെന്റിനും ശൂറ കൗൺസിലിനും കൈമാറി
text_fieldsമനാമ: 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പാർലമെന്റിനും ശൂറ കൗൺസിലിനും കൈമാറി. ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കൺട്രോൾ ബ്യൂറോ മേധാവി ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പാർലമെന്റ് സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ് എന്നിവർക്കാണ് കൈമാറിയത്.
ഓഡിറ്റ് ബ്യൂറോക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിന് വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും പ്രധാനമന്ത്രി പ്രത്യേകം നിർദേശം നൽകിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു.
മന്ത്രാലയങ്ങൾ, ഗവർണറേറ്റുകൾ, മുനിസിപ്പൽ കൗൺസിലുകൾ, സർക്കാർ ഓഫിസുകൾ, അതോറിറ്റികൾ, പൊതു സംവിധാനങ്ങൾ, ശൂറ കൗൺസിൽ, പാർലമെന്റ്, പൊതുമേഖല സ്ഥാപനങ്ങൾ, 50 ശതമാനത്തിൽ കൂടുതൽ സർക്കാർ മുതൽമുടക്കുള്ള കമ്പനികൾ എന്നിവയെ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടാണ് തയാറാക്കിയിട്ടുള്ളത്.
കൃത്യത, സുതാര്യത, ഉത്തരവാദിത്തബോധം എന്നിവ ഉറപ്പിക്കാനും അതുവഴി പൊതുസമ്പത്ത് പാഴായിപ്പോകാതിരിക്കാനും റിപ്പോർട്ട് ഇടയാക്കുമെന്ന് ശൈഖ് അഹ്മദ് വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിനുപിന്നിൽ പ്രവർത്തിച്ച മുഴുവൻ ബ്യൂറോ അംഗങ്ങൾക്കും പാർലമെന്റ്, ശൂറ കൗൺസിൽ അധ്യക്ഷന്മാർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.