ഭിക്ഷാടനം തടയാൻ കർശന നടപടിയുമായി അധികൃതർ
text_fieldsമനാമ: രാജ്യത്ത് ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയുമായി അധികൃതർ. മറ്റുള്ളവർക്കുമുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നതാണ് ഭിക്ഷാടനമെന്നും അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ കർശനമായി തടയുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഭിക്ഷാടനം തടയാൻ നടപടി സ്വീകരിച്ചതായി പൊലീസ് ഡയറക്ടറേറ്റുകൾ അറിയിച്ചു. പലതരത്തിലാണ് രാജ്യത്ത് ഭിക്ഷാടനം അരങ്ങേറുന്നത്. മറ്റുള്ളവരോട് നേരിട്ട് ഭിക്ഷ യാചിക്കുന്നതാണ് ഒരു രീതി. ചിലർ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചായിരിക്കും സഹായം ചോദിച്ചെത്തുക. പണം നഷ്ടമായി, പഴ്സ് എടുക്കാൻ മറന്നു, കാറിന്റെ ഇന്ധനം തീർന്നു തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ആളുകളോട് പണം ചോദിക്കുന്നതാണ് മറ്റൊരു രീതി. മരുന്ന് വാങ്ങാൻ പണമില്ലെന്നോ എന്തെങ്കിലും ബിൽ അടക്കാനുണ്ടെന്നോ ഭക്ഷണം കഴിക്കാൻ പണമില്ലെന്നോ പറഞ്ഞാണ് മറ്റു ചിലർ ആളുകളെ സമീപിക്കുന്നത്. ട്രാഫിക് സിഗ്നലുകൾക്ക് സമീപം കുടിവെള്ളം, പൂക്കൾ, കർചീഫ് തുടങ്ങിയവ വിൽക്കാനെന്ന പേരിൽ ഭിക്ഷാടനം നടത്തുന്നവരുമുണ്ട്.
പ്രാർഥനാ സമയങ്ങളിലും വിശേഷ ദിവസങ്ങളിലും ആരാധനാലയങ്ങൾക്കു സമീപമിരുന്ന് ഭിക്ഷ യാചിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ചിലർ ബാങ്കുകൾക്ക് മുന്നിലും മാർക്കറ്റുകളിലും ഇരുന്ന് ഭിക്ഷ യാചിക്കും. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവരാണ് മറ്റൊരു കൂട്ടർ.
ഭിക്ഷാടനം സാധാരണയായി നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതായി നോർതേൺ പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഈസ ഹസൻ അൽ ഖത്താൻ പറഞ്ഞു. ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ്ങും നടത്തുന്നുണ്ട്. ഭിക്ഷാടനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഭിക്ഷാടനത്തിന് ആദ്യമായി പിടിക്കപ്പെടുന്ന സ്വദേശികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ഇവർ ഭിക്ഷാടനത്തിനിറങ്ങാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ച് പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. എന്നാൽ, സ്ഥിരമായി ഭിക്ഷാടനം നടത്തുന്ന സ്വദേശികളെയും വിദേശികളെയും നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പൊതുസ്ഥലങ്ങളിലെ ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ 17797340 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഹറഖ് ഗവർണറേറ്റ് പരിധിയിൽ ഭിക്ഷാടനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സാലിഹ് അൽ ദൊസേരി പറഞ്ഞു. സഹായം ചോദിച്ച് ആരെയെങ്കിലും റോഡിൽ കണ്ടാൽ ഭിക്ഷാടനമായി കണക്കാക്കും. ഭിക്ഷ ചോദിച്ച് വ്യാപാര സ്ഥാപനങ്ങളിൽ ആരെങ്കിലും എത്തിയാൽ അറിയിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾക്ക് പൊലീസിന്റെ നമ്പറും നൽകിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ ഭിക്ഷ യാചിക്കുന്നതും പബ്ലിക് പാർക്കുകളിൽ കിടന്നുറങ്ങുന്നതും പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന് കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം സെയ്ഫ് അൽ നജ്റാൻ പറഞ്ഞു. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് മുന്നിൽ മോശമായ ചിത്രമാണ് ഇത് നൽകുക. കൂടാതെ, വിനോദ സഞ്ചാരത്തെയും ദേശീയ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നതിന് പകരം യുവജനങ്ങൾ സ്വന്തമായി അധ്വാനിച്ച് തങ്ങളുടെ കഴിവുകൾ സമൂഹത്തിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷാടനം നേരിടാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സതേൺ പൊലീസ് ഡയറക്ടർ കേണൽ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ പറഞ്ഞു. 24 മണിക്കൂറും പൊലീസ് സംഘം ഗവർണറേറ്റ് പരിധിയിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.