ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും –മന്ത്രിസഭ
text_fieldsമനാമ: വിവിധ മാർക്കറ്റുകളിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസന മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചില ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും അവയുടെ ലഭ്യതക്കുറവും യോഗത്തിൽ ചർച്ചയായി. ഇതിനായി ബന്ധപ്പെട്ട മന്ത്രാലയം സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദീകരിച്ചു.
അന്താരാഷ്ട്ര മാർക്കറ്റിലുണ്ടായ പ്രതിസന്ധികളും ചരക്കുനീക്കത്തിലുണ്ടായ പ്രശ്നങ്ങളുമാണ് മാംസമടക്കമുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ക്ഷാമത്തിന് കാരണമെന്ന് വിലയിരുത്തി. അത് പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ ഫലം കാണുന്നതായി വ്യക്തമാക്കുകയും ചെയ്തു. വിലവർധന ഒഴിവാക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ മന്ത്രിസഭ അഭിനന്ദിച്ചു. വിലനിലവാര പരിശോധനക്ക് വിവിധ ടീമുകളെ ഏർപ്പെടുത്തിയതടക്കമുള്ള കാര്യങ്ങൾ വാണിജ്യ, വ്യവസായ മന്ത്രി വിശദീകരിച്ചു. സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിപ്പിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയുടെ പ്രവർത്തനത്തെ കാബിനറ്റ് അഭിനന്ദിച്ചു.
ഉദ്ദേശിച്ച ലക്ഷ്യം നേടുന്നതിന് ബഹ്റൈൻ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന അന്താരാഷ്ട്ര നാണയനിധിയുടെ വിലയിരുത്തൽ ഏറെ സന്തോഷകരമാണ്. സർക്കാറിന്‍റെ പ്രഥമ പരിഗണനാ പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി മന്ത്രിസഭ ആരാഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിന് വിവിധ മന്ത്രാലയങ്ങളോട് ഉപപ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഥമ പരിഗണനാ പദ്ധതികൾ ആഭ്യന്തരമന്ത്രി അവതരിപ്പിച്ചു. വിവിധ മന്ത്രിമാർ പങ്കെടുത്ത പരിപാടികളുടെ റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.