ബഹ്റൈൻ വാഹനാപകടം
text_fieldsസൗഹൃദ കുടചൂടി, കൊടും ചൂടിലും അവർ കാത്തിരുന്നു
മനാമ: സൽമാനിയ ആശുപത്രി മോർച്ചറിക്ക് സമീപം ആ നാലുപേർ കത്തുന്ന വെയിലിനെയും വകവെക്കാതെ ഇരിക്കുകയാണ്. തങ്ങളുടെ കൂടപ്പിറപ്പിനെപ്പോലെ കരുതിയിരുന്ന ആത്മാർഥ സുഹൃത്ത് ആ മോർച്ചറിക്കുള്ളിലുണ്ട്. തെലങ്കാന സ്വദേശി സുമൻ മോക്കിനാപ്പള്ളിയുടെ സുഹൃത്തുക്കളാണവർ. ഒരേ നാട്ടുകാരായ അവർ പ്രവാസഭൂമിയിലും തങ്ങളുടെ സൗഹൃദം തുടർന്നു. വിവിധ സ്ഥാപനങ്ങളിലായിരുന്നു ജോലി. താമസവും വ്യത്യസ്ത ഇടങ്ങളിൽ. പക്ഷേ, അവധിദിവസമായ വെള്ളിയാഴ്ചകളിൽ അവർ തമ്മിൽ കാണും. വർഷങ്ങളായി അതിന് വലിയ മുടക്കം വന്നിട്ടില്ല. പക്ഷേ, ഇന്നലെ മാത്രം സുമൻ വന്നില്ല. വരില്ല എന്ന് പറയാൻ കൂട്ടുകാരെ വിളിക്കുകയും ചെയ്തു. അഞ്ചുമണിയായപ്പോഴാണ് ആ കാൾ വന്നത്. ഓണമായതിനാൽ സ്ഥാപനത്തിൽ ആഘോഷമുണ്ടെന്നും അതിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ വരില്ലെന്നുമായിരുന്നു ഫോൺ സന്ദേശം. ഓണക്കോടിയൊക്കെയുടുത്ത് മലയാളിവേഷത്തിൽ കാറിലിരിക്കുന്ന ഫോട്ടോ കൂട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. സ്റൈലൻ ഫോട്ടോ കൂട്ടുകാരെല്ലാവരും ലൈക്ക് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. പക്ഷേ, അർധരാത്രിയിൽ സുഹൃത്തുക്കളെ തേടി ദുഃഖവാർത്തയാണെത്തിയത്. കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു സുമൻ. എട്ടുവർഷം മുമ്പാണ് ബഹ്റൈനിലെത്തിയത്. നാലുവർഷം ഒരു ആശുപത്രിയിൽ ജോലി ചെയ്തു. നാല് വർഷം മുമ്പാണ് മുഹറഖിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. മലയാളി സുഹൃത്തുക്കളോടൊപ്പം അവരിലൊരാളായി നടന്നിരുന്ന സുമനെ മലയാളിയായാണ് എല്ലാവരും കണക്കാക്കിയിരുന്നത്.
നിശ്ശബ്ദതപോലും നിശ്ശബ്ദമായ രാത്രി
മനാമ: രാത്രി തന്നെ കൂട്ടാൻ വരുന്ന അച്ഛനെ കാത്ത് ആശുപത്രിയിലെ കസേരയിലിരുന്ന ശ്രിഖമോൾക്ക് കേൾക്കാനായത് അച്ഛൻ ഇനി വരില്ലെന്ന ഹൃദയഭേദകമായ വാർത്തയായിരുന്നു. രാവിലെ സൽമാബാദിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ അച്ഛനും അമ്മക്കുമൊപ്പം പോയതാണ് ശ്രിഖ. അവിടെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലെല്ലാം പങ്കെടുത്തു. സദ്യയും കഴിച്ചു.
അച്ഛനും സുഹൃത്തുക്കൾക്കുമൊപ്പം ഫോട്ടോയുമെടുത്തു. ആശുപത്രിയിലെ നഴ്സായ റില്യക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളതിനാൽ ശ്രിഖയെയും കൂട്ടി നേരത്തെ പോവുകയായിരുന്നു.
സഹപ്രവർത്തകരുടെ വാഹനത്തിൽ ഇരുവരും ആശുപത്രിയിലെത്തുകയും ചെയ്തു.
താൻ കൂട്ടുകാരോടൊപ്പം ഉടൻ എത്താമെന്ന് മഹേഷ് പറഞ്ഞിരുന്നു. എച്ച്.ആർ വിഭാഗത്തിലായതിനാൽ മഹേഷിന് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. ശ്രിഖ മോളെ കൂട്ടി വീട്ടിലേക്ക് പോകാനായി തിരക്കിട്ടാണ് മഹേഷ് കൂട്ടുകാരോടൊപ്പം തിരിച്ചത്.
ആ യാത്ര മുഴുമിപ്പിക്കാൻ മഹേഷിനായില്ലെന്നു മാത്രം. മഹേഷ് വരാൻ വൈകിയപ്പോൾ സഹപ്രവർത്തകർ ചെറിയ അപകടം പറ്റി എന്നാണ് പറഞ്ഞത്.
അച്ഛനെ കാത്തിരുന്ന കുട്ടി ഉറങ്ങാൻ തുടങ്ങിയപ്പോൾ താമസസ്ഥലത്തിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലാക്കുകയായിരുന്നു.
അനുശോചന പ്രവാഹം
മനാമ: ബഹ്റൈനിൽ നടന്ന വാഹനാപകടത്തിൽ നാലു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ വിവിധ സംഘടനകൾ അനുശോചിച്ചു. ഐ.സി.ആർ.എഫ്, ഒ.ഐ.സി.സി, കെ.എം.സി.സി, പ്രതിഭ, ബി.കെ.എസ്.എഫ്, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ, വെളിച്ചം വെളിയാങ്കോട്, ബി.എം.സി, പ്രവാസി ഗൈഡൻസ് ഫോറം, ഐ.വൈ.സി.സി, കായംകുളം പ്രവാസി അസോസിയേഷൻ, കൊല്ലം പ്രവാസി അസോസിയേഷൻ, ഐ.എം.സി.സി എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും ബഹ്റൈൻ മലയാളി സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.