ഷോപ്പിങ് കേന്ദ്രമായി മുഖം മിനുക്കാനൊരുങ്ങി ബഹ്റൈൻ വിമാനത്താവളം
text_fieldsമനാമ: ടൂറിസം വികസനത്തിനും ബിസിനസ് രംഗത്തിനും ഉണർവേകിക്കൊണ്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വിനോദ, ഷോപ്പിങ് കേന്ദ്രം കൂടിയായി മാറുന്നു. യാത്രക്കാർക്കും അതുപോലെതന്നെ ഉപഭോക്താക്കൾക്കും ഒരുപോലെ പ്രിയങ്കരമായ ഇടമാക്കി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിനെ (ബി.ഐ.എ) മാറ്റുകയാണ് ലക്ഷ്യമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. ഇത് പ്രാദേശിക ബിസിനസുകൾക്കും ഉൽപന്നങ്ങൾക്കും പ്രോത്സാഹനമാകും. ആവേശകരമായ ഷോപ്പിങ് അനുഭവം നൽകുന്ന മൾട്ടി ഫങ്ഷണൽ സൗകര്യമൊരുക്കുക എന്നതാണ് ഈ പരിവർത്തനത്തിന്റെ പ്രധാന ലക്ഷ്യം.
ബഹ്റൈനിന്റെ വിഷൻ 2030 നോടനുബന്ധിച്ചാണ് പുതിയ മാറ്റത്തിന് ആലോചന നടക്കുന്നത്. ഷോപ്പിങ്, വിനോദം എന്നിവയുടെ സവിശേഷമായ സമ്മിശ്രണത്തിലൂടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെ ശക്തിപ്പെടുത്താനും ഇത് സഹായകരമാകും. വിനോദസഞ്ചാരം വർധിപ്പിക്കാനും യാത്രക്കാരെ സംതൃപ്തരാക്കാനും ഇതിടയാക്കും. വിമാനത്താവളങ്ങളിൽ വിശ്രമസമയം ആസ്വദിക്കാൻ യാത്രക്കാർക്ക് കഴിയണം. അത്യാധുനിക വിനോദ മേഖലകൾ, സ്പാ, വെൽനസ് സെന്ററുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തും.
ചെറുപ്പക്കാർക്കായി ഗെയിമിങ് ലോഞ്ചുകൾ മുതൽ പ്രീമിയം സിനിമ തിയറ്ററുകൾ വരെയുണ്ടാകും, വിമാനങ്ങൾക്കായി കാത്തിരിക്കുമ്പോൾ വിശ്രമിക്കാനും ആനന്ദിക്കാനും വിവിധ മാർഗങ്ങൾ വേണമെന്നാണ് പുതിയ നിലപാട്. മസാജ് സെന്ററുകൾ, ജിമ്മുകൾ ഉൾപ്പെടെ സൗകര്യങ്ങളും പരിഗണനയിലുണ്ട്. ഭക്ഷണശാലകൾ, ആഗോള ബ്രാൻഡുകളുടെയടക്കം ഫാഷൻ ബോട്ടിക്കുകൾ, വ്യത്യസ്ത അഭിരുചികളും ബജറ്റുകളുമുള്ളവർക്കായി വിപുലമായ റീട്ടെയിൽ ഓപ്ഷനുകൾ എന്നിവയും ഒരുക്കും. ബഹ്റൈനിലെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്ന പ്രാദേശിക ബിസിനസുകളും ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.