ബഹ്റൈൻ എയർപോർട്ട്: യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന
text_fieldsമനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മാസം ഗണ്യമായ വർധന. ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞമാസം 747,964 യാത്രക്കാർ യാത്ര ചെയ്തു. ഇത് മുൻ വർഷം ഏപ്രിലിനെ അപേക്ഷിച്ച് കൂടുതലാണ്.
375,000ലധികം പേർ ബഹ്റൈനിലേക്ക് വന്നപ്പോൾ, 372,000ലധികം പേർ ഇവിടെനിന്നും യാത്ര ചെയ്തു. കോവിഡ് കാലത്തിനുമുമ്പുള്ള നിരക്കിലേക്ക് യാത്രക്കാരുടെ എണ്ണം എത്തി എന്നതാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. അബൂദബിയിലേക്കും ഷാർജയിലേക്കുമാണ് ഏറ്റവുമധികം പേർ യാത്ര ചെയ്തത്. ഇവരുടെ എണ്ണം 71,000 കടന്നു.
മുൻ ഏപ്രിലിനെ അപേക്ഷിച്ച് 37 ശതമാനം വർധനയാണിത്. മസ്കത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം 16,000 ആണ്. 36 ശതമാനം വർധിച്ചു. റിയാദും കുവൈത്ത് സിറ്റിയും യഥാക്രമം 50,000, 31,000 യാത്രക്കാരുമായി വളർച്ച രേഖപ്പെടുത്തി. യഥാക്രമം 33ശതമാനം, 17ശതമാനം എന്നിങ്ങനെയാണ് വർധന. ബഹ്റൈൻ വിമാനത്താവളം കഴിഞ്ഞമാസം ഓപറേറ്റ് ചെയ്തത് 7,950 വിമാന സർവിസുകളാണ്. 39,000 ട്രാൻസിറ്റിങ് വിമാനങ്ങൾ കൈകാര്യം ചെയ്തു.
എയർപോർട്ട് വഴി 11,000 ടണ്ണിലധികം കാർഗോ എത്തി. 6,000 ടണ്ണിലധികം കാർഗോ അയക്കുകയും ചെയ്തു. രാജ്യത്തെ ട്രാവൽ ആൻഡ് ടൂറിസം വ്യവസായം കുതിച്ചുകയറുന്നു എന്നതിന്റെ സൂചനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവെന്നാണ് വിലയിരുത്തൽ. ഈദ് അവധിക്കാണ് യാത്രക്കാർ കൂട്ടമായി എത്തിയത്. പ്രാദേശിക യാത്ര, ചരക്കു ഗതാഗതം എന്നീ മേഖലകളിൽ വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ സ്ഥിരീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.