ബഹ്റൈൻ എയർപോർട്ട് നവീകരണം; രണ്ട് സ്മാരകങ്ങൾ മാറ്റും
text_fieldsമനാമ: ബഹ്റൈൻ എയർപോർട്ട് റോഡുകളുടെ നവീകരണത്തിന് തടസ്സമായി നിൽക്കുന്ന രണ്ട് സ്മാരകങ്ങൾ അടുത്ത മാസം പൊളിച്ചുനീക്കും. ഖലീഫ അൽ കബീർ അവന്യൂവിന്റെ എതിർദിശയിലുള്ള 50 വർഷം പഴക്കമുള്ള വാട്ടർഫാൾ, ഫാൽക്കൺ സ്മാരകങ്ങളാണ് നീക്കുന്നത്. എയർപോർട്ടിലേക്ക് പുതിയ മേൽപാലം നിർമിക്കുന്നതിന്റെ ഭാഗമായാണ് ഇവ പൊളിച്ചു സ്ഥലമൊരുക്കുന്നത്.
പ്രദേശവാസികൾക്കും സന്ദർശകർക്കുമായി വീതികൂട്ടിയ പുതിയ പാതകൾ നിർമിക്കുന്നതിന് ശൂന്യമായ സ്ഥലം ഉപയോഗിക്കും. പദ്ധതിക്ക് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന അനുമതി നൽകി. സ്മാരകങ്ങൾ പൊളിച്ചുമാറ്റുന്നത് തൊഴിൽ മന്ത്രി ഇബ്രാഹിം അൽ ഹവാജിന്റെ മേൽനോട്ടത്തിലായിരിക്കും.
മേൽപാലം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് നവീകരണ പദ്ധതി. ഖലീഫ അൽ കബീർ അവന്യൂവിൽനിന്ന് അരാദ് ഹൈവേയിലേക്കുള്ള ഭാഗത്ത് താൽക്കാലിക സിഗ്നലൈസ്ഡ് ജങ്ഷനും പദ്ധതിയിട്ടിട്ടുണ്ട്. അറാദ്ഹൈവേയിൽ സുഗമമായ ഗതാഗതത്തിനാവശ്യമായ മാറ്റങ്ങൾ വരുത്തും. എയർപോർട്ട് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നവീകരണ പ്രവൃത്തികൾക്ക് മൂന്ന് കമ്പനികൾ ടെൻഡറുകൾ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.