ബഹ്റൈനും ഗോൾഡൻ വിസ പ്രഖ്യാപിച്ചു
text_fieldsമനാമ: നിക്ഷേപം വർധിപ്പിക്കുക ലക്ഷ്യമിട്ട് ബഹ്‌റൈൻ പുതിയ 10 വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചു. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കാനുമാണ് ഗോൾഡൻ റെസിഡൻസി വിസ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. വിഷൻ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ് വിഭാഗം അണ്ടർ സെക്രട്ടറി ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ ഓഫിസേഴ്സ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.
'ഗോൾഡൻ റെസിഡൻസി വിസ ഉടമകൾക്ക് ആശ്രിതരെ സ്പോൺസർ ചെയ്യാൻ കഴിയും, പെർമിറ്റ് പ്രായ വിഭാഗവുമായി ബന്ധപ്പെടുത്തിയിട്ടില്ല,' ശൈഖ് ഹിഷാം പറഞ്ഞു. 2,000 ബഹ്റൈൻ ദിനാറിന് (നാലു ലക്ഷം രൂപ) മുകളിൽ ശമ്പളമുള്ള അഞ്ചു വർഷമായി ബഹ്‌റൈനിൽ താമസിച്ചിരുന്നവർക്കും വിരമിച്ചവർക്കുമാണ് യോഗ്യത. മറ്റ് വിഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് ഉടമകളും മികച്ച കായികതാരങ്ങൾ, കലാകാരന്മാർ തുടങ്ങിയ കഴിവുള്ള വ്യക്തികളും ഉൾപ്പെടുന്നു.
യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നപക്ഷം ഗോൾഡൻ റെസിഡൻസി വിസ പുതുക്കി നൽകും. ഈ വിസ ലഭിക്കുന്നവർക്ക് സദാസമയവും ബഹ്‌റൈനിൽനിന്ന് പുറത്തുപോകാനും പ്രവേശിക്കാനും സാധിക്കും. കൂടാതെ അടുത്ത കുടുംബാംഗങ്ങൾക്കുള്ള താമസവും ഇതുവഴി ലഭ്യമാക്കാം.
നിലവിലുള്ള താമസക്കാർ ബഹ്‌റൈനിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി താമസിച്ചിരിക്കണം. കൂടാതെ അഞ്ചു വർഷ കാലയളവിൽ പ്രതിമാസം ശരാശരി അടിസ്ഥാന ശമ്പളം 2,000 ദിനാർ (നാലു ലക്ഷം രൂപ) കുറയാതെ നേടിയിരിക്കണം. യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചാൽ ദീർഘകാല റസിഡൻസ് പെർമിറ്റ് പുതുക്കി നൽകും. 2,00,000 ബഹ്റൈൻ ദിനാറിൽ (39,716,872.05 രൂപ) കുറയാത്ത മൂല്യമുള്ള, ബഹ്‌റൈനിൽ ഒന്നോ അതിലധികമോ പ്രോപ്പർട്ടികൾ സ്വന്തമാക്കുക, പ്രതിമാസം 4,000 ദിനാറോ അതിൽ കൂടുതലോ വരുമാനമുള്ള വിരമിച്ചവർ വിസ സാധുതയുള്ളതായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ വർഷത്തിൽ 90 ദിവസം ബഹ്‌റൈൻ രാജ്യത്ത് ഉണ്ടായിരിക്കണം എന്നിവയാണ് ഗോൾഡൻ വിസ ലഭിക്കാൻ യോഗ്യതയായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.