സഹകരണം വിപുലപ്പെടുത്താൻ ബഹ്റൈനും ഹംഗറിയും
text_fieldsമനാമ: ഹംഗറിയും ബഹ്റൈനും തമ്മിലുള്ള സഹകരണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റർ സിജാർട്ടോക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബഹ്റൈൻ-ഹംഗറി ജോയന്റ് ഇക്കണോമിക് കമ്മിറ്റിയുടെ ആദ്യ യോഗം സാമ്പത്തിക, സാങ്കേതിക തലങ്ങളിൽ സഹകരണത്തിനുള്ള സാധ്യതകളാണ് അവലോകനം ചെയ്തത്. സംയുക്ത യോഗം എല്ലാ അർഥത്തിലും വിജയകരമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാപാരം, നിക്ഷേപം, ധനകാര്യ സേവനം, ഗതാഗതം, ഇൻഫർമേഷൻ ടെക്നോളജി, ഊർജം, പെട്രോളിയം, ശാസ്ത്രം, കൃഷി തുടങ്ങി വ്യത്യസ്ത മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച ചെയ്തു.
പുനരുപയോഗിക്കാവുന്ന ഊർജമേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ജലസംരക്ഷണം, ആരോഗ്യം എന്നീ മേഖലകളിലും സഹകരണം വിപുലപ്പെടുത്തും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ പരിപാടികൾ പരസ്പരം കൈമാറ്റം ചെയ്യും. യുവജനക്ഷേമം, കായികം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു.
യുക്രെയ്നിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് ഹംഗേറിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു. യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി.
ഹംഗറിയുടെ സുരക്ഷക്കും സുസ്ഥിരതക്കുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.