മെഡിക്കൽ ഗവേഷണത്തിൽ സഹകരിക്കാൻ ബഹ്റൈനും ഇസ്രായേലും
text_fieldsമനാമ: വൈദ്യശാസ്ത്ര ഗവേഷണത്തിനും ആരോഗ്യ രംഗത്ത് കൂടുതൽ നവീകരണത്തിനുമായി ബഹ്റൈനും ഇസ്രായേലും സഹകരണത്തിന് ധാരണ. ബഹ്റൈനിലെ സർക്കാർ ഹോസ്പിറ്റലുകളുടെ ഭരണസമിതിയും മക്കാബി ഹെൽത്ത് ഫണ്ടായ കാൻ സഗോൾ റിസർച് ആൻഡ് ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലാണ് മെഡിക്കൽ ഗവേഷണ കരാറിന് സന്നദ്ധരായത്. ഇതുസംബന്ധിച്ച കരാറിൽ മക്കാബി കെ.എസ്.എം മേധാവി ഡോ. ടാൽ പടലോണും സർക്കാർ ആശുപത്രികളുടെ സി.ഇ.ഒ ഡോ. അഹമ്മദ് അൽ അൻസാരിയും ഒപ്പുവെച്ചു. ഇസ്രായേലിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് യൂസിഫ് അൽ ജലാഹ്മ, ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ഈതൻ നയേഹ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്ത്രീകളുടെ ആരോഗ്യം, ആരോഗ്യ-സാമ്പത്തിക ശാസ്ത്രം, കോവിഡ്-19, ട്രോമ, എമർജൻസി മെഡിസിൻ, പ്രാദേശികമായി കണ്ടുവരുന്ന രോഗങ്ങൾ എന്നിവയിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള വിപുലമായ ഗവേഷണവും വിവിധ ക്ലിനിക്കൽ പരീക്ഷണങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കൽ, പഠന, അടിസ്ഥാനസൗകര്യ പരിപാടികൾ, സംയുക്ത സെമിനാറുകൾ, പ്രാദേശിക സമ്മേളനങ്ങൾ എന്നിവയും സഹകരണത്തിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നു.
ബഹ്റൈനിലെ സർക്കാർ ആശുപത്രികളും ഇസ്രായേലിലെ മക്കാബി ഹെൽത്ത് ഫണ്ടും തമ്മിലുള്ള മെഡിക്കൽ-ഗവേഷണ സഹകരണം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡോ. അഹമ്മദ് അൽ അൻസാരി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് മിഡിൽ ഈസ്റ്റിൽ ഔഷധനിർമാണരംഗത്ത് മുന്നേറ്റം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണത്തിനും സഹകരണത്തിനും സാഹചര്യം ഒരുക്കുന്നതിൽ സന്തുഷ്ടനാണെന്ന് ഡോ. ടാൽ പടലോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.