സഹകരണം ശക്തിപ്പെടുത്തി ബഹ്റൈനും ഒമാനും
text_fieldsമനാമ: ബഹ്റൈനും ഒമാനും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിച്ച് ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ കൂടിക്കാഴ്ച. ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ബഹ്റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും തമ്മിൽ നടത്തിയ ചർച്ചയിൽ പുതിയ മേഖലകളിലേക്ക് ബന്ധം വ്യാപിപ്പിക്കാൻ ധാരണയായി.
സാമ്പത്തികം, വ്യാപാരം, നിക്ഷേപം എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. രണ്ടു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വ്യാപാര പ്രതിനിധി സംഘങ്ങളുടെ പരസ്പര സന്ദർശനവും വ്യാപാര വർധനയും പ്രധാന ലക്ഷ്യങ്ങളാണ്.
പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ബഹ്റൈൻ-ഒമാനി സംയുക്ത മന്ത്രിസഭ സമിതിയുടെ പ്രവർത്തനം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഇരു ഭരണാധികാരികളും വിലയിരുത്തി. സന്ദർശനത്തോടനുബന്ധിച്ച് നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കാൻ സാധിച്ചത് നേട്ടമാണെന്നും അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈൻ-ഒമാൻ ഇൻവെസ്റ്റ്മെന്റ് കമ്പനി രൂപവത്കരിക്കും. ഇതുസംബന്ധിച്ച കരാറിൽ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഒപ്പുവെച്ചു. സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഫലസ്തീൻ പ്രശ്നത്തിന് നീതിപൂർവകവും ശാശ്വതവുമായ പരിഹാരം ഉണ്ടാകണമെന്ന് ഇരു ഭരണാധികാരികളും അഭിപ്രായപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാര മാർഗത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതിലൂടെയാണ് ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുക.
യമനിൽ ശാശ്വത വെടിനിർത്തൽ ഉറപ്പുവരുത്തുന്നതിന് ഐക്യരാഷ്ട്ര സഭയുടെ നിരന്തരമായ ശ്രമം ഉണ്ടാകണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നിർദേശങ്ങൾക്കനുസൃതമായി യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
മേഖലയുടെ സുരക്ഷിതത്വം, സ്വതന്ത്രമായ സമുദ്ര ഗതാഗതവും അന്താരാഷ്ട്ര വ്യാപാരവും, ഭീകരവാദത്തെ നേരിടൽ, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയൽ, തീവ്രവാദ ആശയങ്ങളെ പ്രതിരോധിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പരസ്പരം സഹകരിക്കുന്നതിനുള്ള സന്നദ്ധതയും ഇരുവരും പ്രകടിപ്പിച്ചു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സുൽത്താന് ഊഷ്മള വരവേൽപായിരുന്നു ബഹ്റൈനിൽ ലഭിച്ചത്. സുൽത്താനെയും പ്രതിനിധി സംഘത്തെയും ബഹ്റൈൻ രാജാവ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അൽ ഷാക്കിർ പാലസിൽ ഔദ്യോഗിക വരവേൽപും നൽകി. ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ പിന്നീട് ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ കുറിച്ചും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയും ചർച്ച ചെയ്തു.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, ബഹ്റൈനിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹരേബ് അൽ ബുസൈദി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മനാമയിലെ അൽ ഷാക്കിർ കൊട്ടാരത്തിൽ ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ചു. സുൽത്താനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘവും ബഹ്റൈനിലെ രാജകുടുംബാംഗങ്ങളും മുതിർന്ന ബഹ്റൈൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.