‘വിവാഹ ടൂറിസ’ത്തിന് ഇഷ്ടവേദിയായി ബഹ്റൈൻ
text_fieldsമനാമ: ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്നുള്ള സമ്പന്നരുടെ വിവാഹം നടത്തുന്നതിനുള്ള ഇഷ്ടരാജ്യമായി ബഹ്റൈൻ മാറുന്നു. കോവിഡിനുമുമ്പ് നിരവധി ഇന്ത്യൻ വിവാഹങ്ങൾ ബഹ്റൈനിൽ നടന്നിരുന്നു. എന്നാൽ, കോവിഡ് കാലത്ത് ഏതാണ്ട് നിശ്ചലമായ ‘വിവാഹ ടൂറിസം’ ഇപ്പോൾ വീണ്ടും സജീവമാവുകയാണ്.
ഈവർഷം ആദ്യപാദത്തിൽ മാത്രം 14 വിവാഹങ്ങളാണ് നടക്കാൻപോകുന്നതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. വിദേശികളുടെ വിവാഹങ്ങൾ ബഹ്റൈനിൽ നടത്തുന്നതിന് ടൂറിസം അതോറിറ്റിയുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവാഹങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് അതോറിറ്റി നടത്തുന്ന ശ്രമങ്ങൾ ഇരട്ടിയാക്കിയതായി സി.ഇ.ഒ ഡോ. നാസർ ഖാഅദി പറഞ്ഞു. ഇന്ത്യ, പാകിസ്താൻ, ചൈന, ആസ്ട്രേലിയ, അമേരിക്ക, യു.കെ, കാനഡ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ജോർഡൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവാഹങ്ങളാണ് അടുത്തുതന്നെ നടക്കാൻ പോകുന്നത്. വിദേശ വിവാഹങ്ങൾ ആകർഷിക്കുക, അന്താരാഷ്ട്ര വിവാഹ സംഘാടകരെ ഒരുമിച്ചുകൊണ്ടുവരുക, വിവാഹ സംഘാടകരുടെ ശൃംഖല വികസിപ്പിക്കുക എന്നിവയാണ് ബി.ടി.ഇ.എ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള വിവാഹങ്ങൾക്കും മറ്റു പരിപാടികൾക്കും മികച്ച വേദിയായി ബഹ്റൈനെ ഉയർത്തിക്കാട്ടാനാണ് അതോറിറ്റി ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിന് വൈവിധ്യമാർന്ന ഓഫറുകൾ ഉൾപ്പെടുന്നതാണ് ‘ഐലൻഡ് വെഡ്ഡിങ് പദ്ധതി’.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ചുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട്, നിരവധി പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയവ ബഹ്റൈനിൽ സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇത്തരം സവിശേഷതകൾ ഉയർത്തിക്കാട്ടി വിവാഹ ടൂറിസത്തെ കൂടുതൽ സജീവമാക്കാണ് അധികൃതർ ശ്രമിക്കുന്നത്. മാത്രമല്ല, വിവാഹങ്ങൾ ആഘോഷപൂർവം നടത്തുന്നതിനുള്ള വിപുലമായ ഹോട്ടൽ ശൃംഖലകളുമുണ്ട്. ഇതോടൊപ്പം, ബഹ്റൈനി വിവാഹ സ്പെഷലിസ്റ്റുകളുടെ സേവനവും ലഭിക്കും. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ 54 വിദേശ വിവാഹങ്ങളാണ് ബഹ്റൈനിൽ നടന്നത്. 20,000ത്തോളം അന്താരാഷ്ട്ര സന്ദർശകരാണ് ഇതിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.