ഡ്രൈവ് ഇൻ സിനിമക്ക് ബഹ്റൈനില്‍ തുടക്കം
text_fieldsമനാമ: ഡ്രൈവ് ഇൻ സിനിമ പ്രദര്‍ശനത്തിന് ബഹ്റൈനില്‍ തുടക്കമായി. കോവിഡ് പ്രതിരോധ നടപടികള്‍ മൂലം സിനിമാശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ബഹ്റൈൻ ബേയിൽ ഒരുക്കുന്നത്. ഒരേസമയം നൂറ് കാറുകൾ പാർക്ക് ചെയ്ത് സിനിമ കാണാന്‍ ഇവിടെ സൗകര്യമുണ്ട്. എല്ലാ ദിവസവും രണ്ട് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ വില്പന നടത്തും. കഴിഞ്ഞ ദിവസം വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ വ്യക്തിത്വങ്ങളും സിനിമ മേഖലയിലുള്ള പ്രമുഖരും സംബന്ധിച്ചു.
പീക്കോ ഇൻറര്‍നാഷനല്‍ ഗ്രൂപ്, മുക്ത എ 2 സിനിമാസ് എന്നിവ ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. കോവിഡ് പോലുള്ള പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന സംവിധാനമാണിത്. സിനിമ മേഖലയിലുള്ള കമ്പനികള്‍ക്കുമുന്നില്‍ പുതിയ അവസരമാണ് ഡ്രൈവ് ഇൻ സിനിമയെന്ന് മന്ത്രി പറഞ്ഞു. ഡ്രൈവ് ഇൻ സിനിമയെന്ന നവീന പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവരുകയും പ്രോത്സാഹനം നല്‍കുകയും ചെയ്ത ബഹ്റൈന്‍ സർക്കാറിന് മുക്ത എ2 സിനിമ സി.ഇ.ഒ അക്ഷയ് ബജാജ് നന്ദി രേഖപ്പെടുത്തി. പുതിയ ഒരു കാര്യം ബഹ്റൈന്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പീക്കോ ഇൻറര്‍നാഷനല്‍ കമ്പനി ചെയര്മാന് ഖാലിദ് ജുംആന് വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.