ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് യാത്രക്കാർക്ക് അനുമതിയില്ല; നിരവധി പേർ പ്രതിസന്ധിയിൽ
text_fieldsമനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇല്ലാത്തതിനാൽ പ്രതിസന്ധിയിലായത് നിരവധി പേർ. വിസ കാലാവധി കഴിയാറായവരും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഇങ്ങനെ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിലേക്ക് വരുന്ന വിമാനങ്ങളിൽ സാധുവായ റസിഡൻറ് പെർമിറ്റുള്ളവരെ കൊണ്ടുവരാൻ നേരത്തെ അനുമതിയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞമാസം ഒടുവിൽ ഇത് നിർത്തലാക്കി. ജൂൺ 28ന് കൊച്ചിയിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഒടുവിൽ കേരളത്തിൽനിന്ന് ബഹ്റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവന്നത്. അതിനുശേഷം വരാൻ കാത്തിരുന്ന പലർക്കും തീരുമാനം തിരിച്ചടിയായി. കോവിഡിനെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന്മുമ്പ് തന്നെ നാട്ടിലെത്തി തിരിച്ചുവരാൻ കാത്തിരിക്കുന്നവരുണ്ട്.
ബഹ്റൈനിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ അടുത്തേക്ക് വരാൻ സന്ദർശക വിസ എടുത്ത് കാത്തിരിക്കുന്ന മക്കളുമുണ്ട്. നിശ്ചിത സമയത്തിനകം യാത്ര െചയ്തില്ലെങ്കിൽ വിസ റദ്ദാകും. ചെന്നൈയിൽനിന്ന് വരുന്ന മകൾക്ക് സന്ദർശക വിസയിൽ യാത്ര ചെയ്യാനുള്ള സമയ പരിധി നീട്ടിക്കിട്ടാൻ ശ്രമിച്ചിട്ടും കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന പരാതിയാണ് ബഹ്റൈനിലെ ഒരു മലയാളി കുടുംബം പങ്കുവെച്ചത്. ജീവനക്കാർ നാട്ടിൽ കുടുങ്ങിയതുകാരണം പ്രതിസന്ധിയിലായ സ്ഥാപനങ്ങളുമുണ്ട്. ഇന്ത്യയിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്നതിന് അനുമതി നിഷേധിച്ചതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇവിടെനിന്നുള്ള വിമാനക്കമ്പനിക്ക് ഇന്ത്യയിൽനിന്ന് ആളുകളെ കൊണ്ടുവരാൻ അനുമതി നൽകാത്തതാണ് കാരണമെന്ന് സൂചനയുണ്ട്.
സാധുവായ റസിഡൻറ് പെർമിറ്റുള്ളവരെ ഇന്ത്യയിൽനിന്ന് കൊണ്ടുവരാൻ അനുമതി നൽകിയ ആദ്യ രാജ്യമാണ് ബഹ്റൈൻ. ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് ആളുകളെ കൊണ്ടുവരുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ രീതിയിൽ ബഹ്റൈനിലേക്കും സർവീസിനുള്ള ശ്രമം ഉണ്ടാകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു. ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നഭ്യർഥിച്ച് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരും ലോക കേരള സഭ അംഗം സി.വി. നാരായണനും മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. ഇക്കാര്യത്തിൽ ബഹ്റൈൻ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടിന് ലോക കേരള സഭ അംഗം സോമൻ ബേബി മുഖേനയും ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.