ബഹ്റൈൻ യുവജനദിനം ആഘോഷിച്ചു
text_fieldsമനാമ: രാജ്യത്തിന്റെ വികസനത്തിനും ആധുനീകരണത്തിനും യുവജനങ്ങൾ നൽകിവരുന്ന സംഭാവനകൾ അതുല്യമാണെന്ന് ആരോഗ്യമന്ത്രി ജലീല ബിൻത് അൽ സെയ്ദ് ജവാദ് ഹസ്സൻ. മാർച്ച് 25 ബഹ്റൈൻ യുവജനദിനമായി ആഘോഷിക്കുന്നതോടനുബന്ധിച്ച് ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭാവിയിലും രാജ്യപുരോഗതിക്കായി യുവജനങ്ങളുടെ സംഭാവനകൾ സ്വീകരിക്കുമെന്നും വികസനപാതയിൽ യുവജനങ്ങൾ മുതൽക്കൂട്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യുവജനങ്ങളുടെ ശേഷി ക്രിയാത്മകമായി ഉപയോഗിക്കാൻ രാജ്യം തീരുമാനിച്ചിട്ടുണ്ട്. അതിനായി നിരവധി കർമപദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. രാജ്യം ത്വരിതഗതിയിലാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ ആശയങ്ങൾ ഈ പുരോഗതിക്ക് മുതൽക്കൂട്ടാണ്. യുവാക്കളുടെ സംഭാവന ഇവിടെയാണ് പ്രയോജനം ചെയ്യുന്നത്. യുവജനങ്ങളുടെ സംഭാവനകളെ അംഗീകരിക്കാനും അവരെ ആദരിക്കാനും യുവജന ദിനാഘോഷത്തിലൂടെ കഴിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും വലിയ പിന്തുണയാണ് ഇക്കാര്യങ്ങൾക്ക് നൽകിവരുന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും വലിയ താൽപര്യം യുവജനക്ഷേമത്തിന് നൽകുന്നുണ്ട്.
ബഹ്റൈനി യുവജനതയെ അഭിനന്ദിച്ച മന്ത്രി, യുവജനദിനാഘോഷം സംഘടിപ്പിക്കാൻ മുൻകൈയെടുത്ത ആരോഗ്യമന്ത്രാലയത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.