ഗൾഫ് കപ്പ് വിജയത്തിൽ ആഹ്ലാദിച്ച് ബഹ്റൈൻ
text_fieldsമനാമ: 26ാമത് ഗൾഫ്കപ്പ് നേടി അറേബ്യൻ ലോകത്ത് മുടിചൂടാമന്നന്മാരായ ബഹ്റൈൻ ദേശീയ ഫുട്ബാൾ ടീമിന്റെ വിജയത്തിൽ ആഹ്ലാദിക്കുകയാണ് ടീമിന്റെ അണിയറയിലുള്ള മലയാളി.
ടീമിന്റെ എക്വിപ്മെന്റ് മാനേജരായി 27 വർഷമായി ജോലി ചെയ്യുകയാണ് വടകര മേമുണ്ട ചെമ്മരത്തൂർ നെല്ലിക്കൂടത്തിൽ ഗിരിജൻ എന്ന ഗിരീഷ്.
കഴിഞ്ഞ ദിവസം ബഹ്റൈന് ദേശീയ ഫുട്ബാള് ടീമിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചിരുന്നു. ടീമിലെ കളിക്കാർക്കും അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിനും ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സ്വീകരണം നൽകിയത്. ചടങ്ങിൽ ഹമദ് രാജാവിൽനിന്ന് ഹസ്തദാനം ലഭിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നെന്ന് ഗിരിജൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 1998 ലാണ് ഗിരിജൻ ബഹ്റൈൻ ഫുട്ബാൾ അസോസിയേഷനിൽ ജോലിക്കായി എത്തുന്നത്. അന്ന് വടകര സ്വദേശി രാജൻ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം നാട്ടിൽ പോയശേഷം ഗിരിജനായി ചുമതല. ടീമിനുവേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുകയായിരുന്നു ഉത്തരവാദിത്തം. ബാൾ, മറ്റ് സംവിധാനങ്ങൾ,ജഴ്സി. മത്സരത്തിനാവശ്യമായ മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം ഒരുക്കേണ്ടതുണ്ട്.
മത്സരങ്ങൾക്കുപോകുന്ന ടീമിനെ അനുഗമിക്കുകയും വേണം. ഫൈനലിന് മുമ്പ് തന്നെ ടീമിന് വിജയപ്രതീക്ഷയുണ്ടായിരുന്നെന്ന് ഗിരിജൻ പറഞ്ഞു. ലോകകകപ്പ് നേടിയതിനു തുല്യമായ സന്തോഷമാണ് വിജയവേളയിൽ ഉണ്ടായത്. റഫയിലെ ട്രെയിനിങ് ഗ്രൗണ്ടിൽ തീവ്രമായ പരിശീലനമാണ് മത്സരത്തിന് മുമ്പ് ടീം നടത്തിയത്.
വേനൽകാലത്ത് രാത്രി ഏഴുമുതലാണ് പരിശീലനം. അല്ലാത്ത സമയങ്ങളിൽ ആറര മുതൽ പരിശീലനം ആരംഭിക്കും. കഠിനമായ പരിശീലനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ജപ്പാനിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഒരുക്കത്തിലാണ് ടീം ഇപ്പോൾ. ഗിരിജനു പുറമെ നാദാപുരം സ്വദേശി രാജൻ, കണ്ണൂർ സ്വദേശി ഹരീഷ് ബാബു എന്നിവരും ഫുട്ബാൾ അസോസിയേഷൻ ജീവനക്കാരായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.