വിദേശികൾക്ക് ബഹ്റൈൻ പൗരത്വം ലഭിക്കുമോ?
text_fields?ഞാൻ ബഹ്റൈനിൽ വന്നിട്ട് 31 വർഷമായി. 23 വർഷമായി ഒരു സ്പോൺസറുടെ കടയിൽ ജോലി ചെയ്യുന്നു. 10 വർഷത്തോളമായി എന്റെ കുടുംബം ഇവിടെയുണ്ട്. സ്പോൺസറുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ തന്നെയാണ് വാടക കൊടുത്ത് താമസിക്കുന്നത്. സ്പോൺസറുടെ പേരിൽ തന്നെയാണ് ഇലക്ട്രിസിറ്റി ബിൽ അടക്കുന്നത്. മാസത്തിൽ 100 ദീനാറിനു മുകളിൽ ബിൽ വരുന്നുണ്ട്. 15 വർഷം കഴിഞ്ഞാൽ ഇവിടത്തെ പൗരത്വം എടുക്കാം എന്നറിഞ്ഞു. അതിന് എന്താണ് ചെയ്യേണ്ടത്. ഇവിടത്തെ പാസ്പോർട്ട് എടുത്താൽ ഇലക്ട്രിസിറ്റി ബിൽ എന്റെ പേരിലാക്കാമെന്നും അങ്ങനെ ചെയ്താൽ ബിൽ തുക കുറയുമെന്നും ചിലർ പറയുന്നു. ഇതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്? - കാസിം
• ബഹ്റൈനി സിറ്റിസൺഷിപ് നിയമപ്രകാരം ഇവിടെ തുടർച്ചയായും നിയമപരവുമായി കുറഞ്ഞത് 25 വർഷം താമസിച്ച ഒരു അറബ് ഇതര വിദേശിക്ക് പൗരത്വത്തിന് അപേക്ഷ നൽകാം. അറബ് രാജ്യക്കാരനാണെങ്കിൽ 15 വർഷത്തിനുശേഷം അപേക്ഷ നൽകാം. ഇപ്പോൾ നാഷനൽ പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ) വെബ്സൈറ്റ് പ്രകാരം അറബ് ഇതര വിദേശികൾക്ക് ഈ കാലാവധി 20 വർഷമാക്കിയിട്ടുണ്ട്. അറബ് വിഭാഗങ്ങൾക്ക് 10 വർഷവുമാക്കി. ഇവിടെ താമസിച്ചു എന്നതിനുപുറമെ വേറെ ചില നിബന്ധനകൾകൂടി പാലിച്ചാൽ മാത്രമേ പൗരത്വം നൽകൂ.
1. നല്ല പെരുമാറ്റം
2. മാനസികമായി കഴിവുണ്ടായിരിക്കണം.
3. നല്ലതുപോലെ അറബിഭാഷ അറിഞ്ഞിരിക്കണം.
4. ഒരു പ്രോപ്പർട്ടി സ്വന്തം പേരിൽ ഉണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. ബഹ്റൈൻ പൗരത്വത്തിന് അപേക്ഷ നൽകേണ്ടത് എൻ.പി.ആർ.എയിലാണ്. അതിന് പ്രത്യേക അപേക്ഷഫോറം ഉണ്ട്. ഇവിടത്തെ പൗരത്വം ലഭിച്ചാൽ ബഹ്റൈനികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്. മറ്റു പല വ്യവസ്ഥകൾ പ്രകാരവും പൗരത്വം ലഭിക്കും.
അതൊന്നും താങ്കൾക്ക് ബാധകമല്ലാത്തതുകൊണ്ട് ഇവിടെ വിശദമാക്കുന്നില്ല. അപേക്ഷഫോറത്തിന്റെ കൂടെ എല്ലാ രേഖകളും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം. എൻ.പി.ആർ.എ വെബ്സൈറ്റിലും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.