വിവാഹച്ചടങ്ങ് കുളമാക്കി; കരാറുകാരൻ നഷ്ടപരിഹാരം കൊടുക്കണമെന്ന് ബഹ്റൈൻ കോടതി
text_fieldsമനാമ: വിവാഹച്ചടങ്ങുകൾക്ക് കരാറെടുത്ത് അഡ്വാൻസും വാങ്ങിയശേഷം പിന്മാറിയ കരാറുകാരൻ ദമ്പതികൾക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് ബഹ്റൈൻ കോടതി. ദമ്പതികളിൽനിന്ന് വാങ്ങിയ തുകയായ 1,750 ദീനാറും നഷ്ടപരിഹാരവും ചേർത്ത തുക നൽകാനാണ് സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി. വിവാഹത്തിന് അഞ്ച് മാസം മുമ്പാണ് വധൂവരന്മാർ വിവാഹച്ചടങ്ങ് ഹോട്ടലിൽ നടത്താനായി തീരുമാനിച്ച് വെഡ്ഡിങ് പ്ലാനറുമായി കരാറിൽ ഏർപ്പെട്ടത്. 100 അതിഥികൾക്കായി വേദി ബുക്കു ചെയ്യുന്നതിന് 1,750 ദീനാർ മുൻകൂറായി നൽകുകയും ചെയ്തു. എന്നാൽ, വിവാഹദിനത്തിന് മുമ്പ് താൻ പിന്മാറുകയാണെന്ന് കരാറുകാരൻ ദമ്പതികളെ അറിയിക്കുകയായിരുന്നു. തന്റെ കമ്പനി പിരിച്ചുവിട്ടെന്നും പണം തിരികെ നൽകാമെന്നുമാണ് അയാൾ അറിയിച്ചത്. എന്നാൽ, വാഗ്ദാനമല്ലാതെ പണം തിരികെ നൽകിയില്ല. ഇതേതുടർന്നാണ് വധൂവരന്മാർ നിയമനടപടി സ്വീകരിച്ചത്.
അഭിഭാഷകനായ ബന്ദർ ഷമാൽ അൽ ദൂസേരി മുഖേന വിവാഹ ആസൂത്രകനും കമ്പനിക്കും എതിരെ കേസ് ഫയൽ ചെയ്തു. കരാർ ലംഘനംമൂലം തങ്ങൾക്ക് സാമ്പത്തികമായ പ്രയാസം നേരിട്ടെന്നു മാത്രമല്ല, മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും വാദിഭാഗം പറഞ്ഞു. വിവാഹത്തിന്റെ സന്തോഷം മുഴുവൻ ഇക്കാരണംമൂലം നഷ്ടപ്പെട്ടതായും അവർ ചൂണിക്കാണിച്ചു.
കരാർ ബാധ്യതകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കോടതി, നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. കരാറുകാരന്റെ നടപടിമൂലം വാദിഭാഗത്തിനുണ്ടായ വൈകാരിക ക്ലേശം കോടതി ഊന്നിപ്പറഞ്ഞു. കേസ് ഫയൽ ചെയ്ത തീയതിമുതലുള്ള പലിശ സഹിതം മുഴുവൻ തുകയും തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.