മതസൗഹാർദത്തിന് വേദിയായി ബഹ്റൈൻ ഡയലോഗ് ഫോറം
text_fieldsമനാമ: മതാന്തര സംവാദങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ഊന്നിപ്പറഞ്ഞ് ബഹ്റൈൻ ഡയലോഗ് ഫോറം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്ത മതനേതാക്കൾ പങ്കെടുത്ത പരിപാടി മതസൗഹാർദത്തിന്റെ വേദികൂടിയായി.
കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന് എന്ന പ്രമേയത്തിൽ ഈസ കൾച്ചറൽ സെന്റററിൽ ആരംഭിച്ച ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും പങ്കെടുക്കും.
ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയാണ് ഡയലോഗ് ഫോറം ഉദ്ഘാടനം ചെയ്തത്. കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ്, മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ്, ഇസ്ലാമികകാര്യ സുപ്രീം കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് രണ്ടു ദിവസത്തെ ഡയലോഗ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്.
ആഗോള സഹവർത്തിത്വവും മാനവിക സാഹോദര്യവും പ്രോത്സാഹിപ്പിക്കുക എന്ന വിഷയത്തിൽ നടന്ന ആദ്യ സെഷനിൽ ഡോ. ലീ പിസർ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മതങ്ങളെയും വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്ന ബഹ്റൈന്റെ ചരിത്രപരമായ സമീപനത്തെക്കുറിച്ച് ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ അധ്യക്ഷനും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗവുമായ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ആൽ ഖലീഫയും മറ്റു മത നേതാക്കളും ഊന്നിപ്പറഞ്ഞു.
സമാധാനപരമായ സഹവർത്തിത്വത്തിന്റെ നാടായി ബഹ്റൈനെ മാറ്റാനുള്ള ഹമദ് രാജാവിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം നേതാക്കൾ പങ്കുവെച്ചു. ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ സംഘർഷങ്ങളും ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുകയാണെന്നും മതാന്തര സംവാദങ്ങളിലൂടെയുള്ള പരസ്പര സഹകരണവും അടുപ്പവും വഴി സമാധാനവും സുരക്ഷയും കൈവരിക്കാൻ സാധിക്കുമെന്നും മുൻ നൈജർ പ്രസിഡന്റും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗവുമായ മുഹമ്മദ് ഇസോഫു പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും അമൃത വിശ്വ വിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃത സ്വരൂപാനന്ദ പുരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.