ബഹ്റൈൻ ഇ-പാസ്പോർട്ട് ഡിസൈന്‍ അന്താരാഷ്ട്ര അംഗീകാരം
text_fieldsമനാമ: അത്യാധുനികമായ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തി നിലവിൽ വന്ന ബഹ്റൈൻ ഇ-പാസ്പോർട്ടിന്റെ ഡിസൈന്‍ അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മത്സരമായ ലണ്ടൻ ഡിസൈൻ അവാർഡിൽ മൂന്ന് സ്വർണ അവാർഡുകളും ഏഴ് വെള്ളി അവാർഡുകളും ഇ-പാസ്പോർട്ട് നേടി. പ്രൊഡക്ട് ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ ഡിസൈൻ എന്നിവയുൾപ്പെടെ വിവിധ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ഡിസൈനുകളാണ് മത്സരിച്ചത്. 45 രാജ്യങ്ങളിൽ നിന്നുള്ള 3000 സൃഷ്ടികൾ മത്സരത്തിലുണ്ടായിരുന്നു. 2023 മാർച്ചിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇ-പാസ്പോർട്ട് പുറത്തിറക്കിയത്.
സംവിധാനങ്ങൾ ആധുനികവത്കരിക്കുക എന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആഗ്രഹമനുസരിച്ചാണ് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയത്. നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് വിഭാഗത്തിന്റെ മുൻകൈയിലാണ് ആധുനിക സംവിധാനം സാധ്യമാക്കിയത്. സാധാരണ പാസ്പോർട്ട്, ഡിപ്ലോമാറ്റിക് പാസ്പോർട്ട്, സ്പെഷൽ പാസ്പോർട്ട്, ട്രാവൽ ഡോക്യുമെന്റ് എന്നിവ ഇ-പാസ്പോർട്ടാക്കി മാറ്റിയിട്ടുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്നതും അല്ലാത്തതുമായ സുരക്ഷ സംവിധാനങ്ങൾ പാസ്പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. മൈക്രോചിപ്പുകൾ ഘടിപ്പിച്ച രീതിയിലാണ് പുറംചട്ട സംവിധാനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിവരിക്കുന്ന പശ്ചാത്തല ചിത്രങ്ങളോടെയാണ് ഓരോ പേജും ഡിസൈൻ ചെയ്തിരിക്കുന്നത്. പവിഴ ഖനനത്തിൽ തുടങ്ങി ആദ്യത്തെ എണ്ണക്കിണർ സ്ഥാപിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഉൾച്ചേർത്തിട്ടുണ്ട്. രാജ്യത്തിന്റെ പൈതൃകം സംബന്ധിച്ച ധാരണ ലഭിക്കുന്നതോടൊപ്പം ഭാവിവികസനത്തിലേക്കുള്ള ദിശാസൂചിക കൂടിയാണ് പാസ്പോർട്ടിന്റെ സംവിധാനം. ആധുനിക സാങ്കേതിക വിദ്യ അനുവർത്തിക്കുന്ന എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പാസ്പോർട്ട് പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.