ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ഇന്നു മുതൽ
text_fieldsമനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് ഞായറാഴ്ച തുടക്കമാകും. നവംബർ മൂന്നു മുതൽ ഏഴുവരെ നടക്കും. മറാസി ഗലേറിയയിലാണ് ഫെസ്റ്റിവൽ. “മനാമ: ക്യാപിറ്റൽ ഓഫ് അറബ് മീഡിയ” പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ ഫെസ്റ്റിവൽ.
അറബ് ലോകത്തെ പ്രമുഖ താരങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും സ്വാഗതം ചെയ്യുന്ന റെഡ് കാർപെറ്റ് ചടങ്ങോടെയാണ് മേള ആരംഭിക്കുന്നത്. ഉദ്ഘാടനശേഷം, അറബ് സിനിമക്ക് സംഭാവന നൽകിയ വിശിഷ്ട വ്യക്തികളെ, ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി ആദരിക്കും.
89 ഹ്രസ്വ അറബ് സിനിമകളാണ് നാലാം പതിപ്പിൽ പ്രദർശിപ്പിക്കുന്നത്. ഷോർട്ട് നറേറ്റിവ് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, അനിമേറ്റഡ് ഫിലിം, ബഹ്റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണുള്ളത്. ശിൽപശാലകൾ, സെമിനാറുകൾ, സിനിമ പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും മറാസി ബഹ്റൈനിലെ റീൽ സിനിമാസ് ഉൾപ്പെടെ വേദികളിൽ നടക്കും.
പ്രശസ്ത ബഹ്റൈനി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പെർവീൻ ഹബീബ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഡോ.ഹബീബിനെ കൂടാതെ സൗദി ഡയറക്ടർ റീം അൽ ബയാത്ത്, ഡോ. ഹക്കീം ജുമാ, എമിറാത്തി ഡയറക്ടർ നവാഫ് അൽ ജനാഹി എന്നിവരാണ് ജൂറി അംഗങ്ങൾ. അറബ്, ഗൾഫ് ചലച്ചിത്ര നിർമാതാക്കളുടെ പങ്കാളിത്തത്തോടെ ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ബഹ്റൈൻ സിനിമ ക്ലബാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
‘സെലിബ്രേറ്റ് ഓഫ് ഫിലിം മേക്കിങ്’ എന്ന പ്രമേയത്തിലാണ് മേളയുടെ നാലാമത്തെ പതിപ്പ്. ഫിലിം ഫെസ്റ്റിൽ അറബ്, ഗൾഫ് ചലച്ചിത്ര പ്രവർത്തകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രി ഡോ. റംസാൻ അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന മേളയുടെ മൂന്നാം പതിപ്പിൽ 117 ഹ്രസ്വ അറബിചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
ബഹ്റൈനിന്റെ സാമ്പത്തിക ദർശനം 2030ന് അനുസൃതമായാണ് മേള. യുവാക്കളെ സിനിമ വ്യവസായത്തിലേക്ക് ആകർഷിക്കുകയെന്നതും ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.